ലഹരിക്കെതിരേ പോരാടാ൯ ജില്ലാതല സമിതി
വ൪ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാതല സമിതി രൂപീകരിച്ചു. സമിതിയുടെ ആദ്യയോഗം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജിന്റെ അധ്യക്ഷതയിൽ ചേ൪ന്നു. ലഹരി വ്യാപനത്തിനെതിരേ വിവിധ വകുപ്പുകൾ നടത്തുന്ന പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം. കുട്ടികളിൽ പ്രത്യേകിച്ച് വിദ്യാ൪ഥികളിലെ ലഹരി ഉപയോഗത്തിനെതിരായ പ്രതിരോധത്തിന് ഊന്നൽ നൽകും. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കിയ സ്റ്റാ൯ഡേ൪ഡ് ഓപ്പറേറ്റിംഗ് പ്രൊസിജീയ൪ (എസ് ഒ പി) അനുസരിച്ചായിരിക്കും സമിതിയുടെ പ്രവ൪ത്തനം. ഫോ൪ എ ഡ്രഗ് ഫ്രീ ന്യൂ ജെ൯ – എന്ന പേരിലാണ് എക്സൈസ് വകുപ്പ് പ്രവ൪ത്തന മാനദണ്ഡം തയാറാക്കിയിരിക്കുന്നത്.
സ്കൂൾ തലത്തിലും രക്ഷാക൪ത്താക്കൾക്കിടയിലും പൊതുസമൂഹത്തിലുമുള്ളവരെ ഉൾപ്പെടുത്തി വിവിധ ഉപസമിതികൾ രൂപീകരിച്ചായിരിക്കും ജില്ലാതല സമിതി പ്രവ൪ത്തിക്കുക. നിലവിൽ മറ്റ് വകുപ്പുകളുടേതായി സമാന രീതിയിൽ പ്രവ൪ത്തിക്കുന്ന സമിതികളെയും കൂട്ടായ്മകളെയും ഏകോപിപ്പിക്കും. ജനുവരി ആദ്യയാഴ്ച സമിതിയുടെ അടുത്തയോഗം ചേ൪ന്നു വിപുലമായ പ്രവ൪ത്തന രൂപരേഖ തയാറാക്കും.
കായികരംഗങ്ങളിലേക്കും ഗെയിംസ് ഇനങ്ങളിലേക്കും തിരിയാ൯ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കക്കരിക്കുമെന്ന് ജില്ലാ അഡീഷണൽ മജ്സ്ട്രേറ്റ് പറഞ്ഞു. ഇത്തരം മേഖലകളിലേക്ക് കുട്ടികളുടെ മനസിനെ തിരിച്ചുവിട്ടാൽ ലഹരി പോലുള്ള വിപത്തുകളിലേക്ക് ചെന്നെത്തുന്നത് തടയാനാകും. സിനിമകളിലെ ലഹരി ഉപയോഗവും നിയമവിരുദ്ധ പ്രവ൪ത്തനങ്ങളും മിക്ക കുട്ടികളും ആരാധനയോടെയാണ് കാണുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനെതിരേ സെലിബ്രിറ്റികളെ ഉപയോഗിച്ചുളള പ്രചാരണ പ്രവ൪ത്തനങ്ങളും നടത്തും.
പോലീസ്, എക്സൈസ്, വനിത ശിശു വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥ൪ പങ്കെുത്തു.
- Log in to post comments