പനയംപാടത്തും മറ്റ് അപകടമേഖലകളിലും സുരക്ഷ വർധിപ്പിക്കാൻ നടപടികൾ ഉടൻ: മന്ത്രി കെ. ബി. ഗണേഷ്കുമാർ
ലോറി മറിഞ്ഞു നാല് സ്കൂൾ വിദ്യാർഥിനികൾ മരിച്ച പാലക്കാട് പനയംപാടത്ത് റമ്പിൾസ് വച്ച് സ്പീഡ് കുറയ്ക്കാനുള്ള ഏർപ്പാട് ഉടനെ ചെയ്യുമെന്നും താത്കാലിക ഡിവൈഡറിന്റെ സ്ഥാനത്ത് ഒരു സ്ഥിരാമായ ഡിവൈഡർ സ്ഥാപിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അപകടം സംഭവിച്ച ഭാഗത്തടക്കം റോഡിന്റെ ഷോൾഡർ പണി പൂർത്തിയാക്കും. അവിടെ ഒരു റീറ്റൈനിങ് മതിൽ പണിയുകയും ഒപ്പം റോഡിൽ നിന്ന് മാറി നടന്നുപോകാനുള്ള ഉള്ള സംവിധാനം ഒരുക്കുകയും ചെയ്യും. പനയംപാടം അപകടവുമായി ബന്ധപെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.
ജംഗ്ഷനിലുള്ള ബസ് ബേ അവിടുന്ന് മാറ്റും. ജംഗ്ഷനിൽ വെള്ളം കെട്ടാതിരിക്കാനുള്ള സംവിധാനം ഉടൻതന്നെ ഹൈവേ അതോറിറ്റി ചെയ്യാമെന്ന് എന്ന് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അടിയന്തരമായി ഒരാഴ്ചയ്ക്കുള്ളിൽ അവിടെ ചെയ്യണ്ട ജോലികളുടെ ഡിസൈൻ പിഡബ്ല്യുഡി നാഷണൽ ഹൈവേ വിഭാഗം ചീഫ് എൻജിനിയർ ഹൈവേ അതോറിറ്റി ഡയറക്ടർക്ക് കൈമാറും. ഒരു കോടി രൂപയ്ക്ക് മുകളിൽ ആണ് എസ്റ്റിമേറ്റ്.
മറ്റൊരു അപകടമേഖലയായ മുണ്ടൂർ ജംഗ്ഷനിലും ഫ്ലാഷ് ലൈറ്റ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്. 5708/2024
- Log in to post comments