പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം: സ്പീക്കർ
'താലോലം 2024' ബഡ്സ് ജില്ലാ ഫെസ്റ്റിന് തുടക്കമായി
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ, ആവശ്യമായ പിൻബലവും പിന്തുണയും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എഎൻ ഷംസീർ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ബഡ്സ് ജില്ലാ ഫെസ്റ്റ് 'താലോലം 2024' തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. കലോത്സവത്തിന് പൊതുസമൂഹവും മാധ്യമങ്ങളും അർഹമായ പ്രാധാന്യം നൽകുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ കഴിവുകളുള്ള ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരണം. അവർക്കാവശ്യമായ പിന്തുണ നൽകണം. കുട്ടികൾക്ക് ആവശ്യമായ പിന്തുണയും പരിപാലനവും നൽകുന്ന എല്ലാ അധ്യാപകരെയും രക്ഷിതാക്കളെയും സ്പീക്കർ അഭിനന്ദിച്ചു.
തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി. ജയൻ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.സി അബ്ദുൾഖിലാബ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബാന ഷാനവാസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, കുടുംബശ്രീ മെംബർ സെക്രട്ടറി ഹരി പുതിയില്ലത്ത്, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ പി ബിജു, നഗരസഭാ സെക്രട്ടറി എൻ സുരേഷ് കുമാർ, കുടുംബശ്രീ അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരയ പി ഒ ദീപ, കെ വിജിത്ത്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി വിനേഷ്, തലശ്ശേരി നഗരസഭാ സി ഡിഎസ് ചെയർപേഴ്സൺ വി സനില എന്നിവർ സംസാരിച്ചു.
ജില്ലയിലെ 32 ബഡ്സ് സ്കൂളുകളിൽ നിന്നായി 270 ലേറെ കലാപ്രതിഭകളാണ് രണ്ട് ദിവസങ്ങളിലായി വിവിധ മത്സര ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. മൂന്ന് വേദികളിലായാണ് കലാപരിപാടികൾ അരങ്ങേറുന്നത്. ഒരു ഓപ്പൺ സ്റ്റേജിലും പരിപാടികൾ നടക്കുന്നുണ്ട്.
ആദ്യ ദിനം പ്രച്ഛന്നവേഷ മത്സരം, നാടോടി നൃത്തം, ബാൻഡ് മേളം, ലളിതഗാനം, പദ്യപാരായണം, പെൻസിൽ ഡ്രോയിങ്, എംബോസ് പെയിന്റിംഗ് ക്രയോൺ പെയിന്റിംഗ്, പേപ്പർ ക്രാഫ്റ്റ് എന്നീ ഇനങ്ങൾ അരങ്ങേറി. രണ്ടാം ദിനം ഉപകരണ സംഗീത വിഭാഗത്തിൽ ചെണ്ടമേളം, കീബോർഡ്, നാടൻ പാട്ട്, ഒപ്പന, സംഘനൃത്തം, മിമിക്രി എന്നിവ നടക്കും.
- Log in to post comments