Skip to main content

പുതുവത്സരസമ്മാനമായി ഭിന്നശേഷിക്കാർക്ക് തൊഴിലവസരമൊരുക്കാൻ ഇടം പോയിന്റുകൾ

 

കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കേരള സംസ്ഥാന പന ഉൽപ്പന്ന വികസനകോർപ്പറേഷനും (KELPALAM) സംയുക്തമായി പന ഉൽപ്പന്ന വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. ഇടം ഇനിഷ്വേറ്റീവ് ഫോർ ദ ഡിഫറന്റ്ലീ ഏബിൾഡ് മൂവ്മെന്റ് പോയിന്റുകൾ എന്ന് പേര് നൽകിയ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വ്യാപാരസാധ്യതയുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ജനുവരി 1 ന് രാവിലെ 11ന് പ്രവർത്തനം ആരംഭിക്കും. ഈ കേന്ദ്രങ്ങളിൽ കെൽപ്പാമിന്റെ ഉൽപ്പന്നങ്ങളായ പനംകൽക്കണ്ട്, കരുപ്പട്ടി, വിവിധതരം ജ്യൂസുകൾ, നൊങ്ക് സർബത്ത്, ചുക്ക് കാപ്പി എന്നിവയാണ് പ്രധാനമായും വിൽക്കുക. അതോടൊപ്പം തന്നെ ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളും പാൽ ഉൾപ്പെടെയുള്ള മറ്റ് അംഗീകൃത ഉൽപ്പന്നങ്ങളും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇടം പോയിന്റുകളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കെൽപ്പാമും ചേർന്നുള്ള കമ്മിറ്റിയാണ്. ഇതിന്റെ അപേക്ഷകൾ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ സ്വീകരിച്ച്, ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ബങ്ക് നിർമ്മാണത്തിനാവശ്യമായ തുക ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ വായ്പയായി നൽകും. ഈ ലോണും അതിന്റെ പലിശയും കെൽപ്പാം തിരിച്ചടയ്ക്കുന്ന വിധത്തിലാണ് ഇതിന്റെ കരാർ തയ്യാറാക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാരൻ പ്രതിമാസം നിശ്ചയിക്കപ്പെട്ട വാടക മാത്രമേ നൽകേണ്ടതുള്ളൂ. ഭിന്നശേഷിക്കാരൻ ഏതെങ്കിലും സാഹചര്യത്തിൽ ബങ്ക് നടത്തിപ്പ് അവസാനിപ്പിക്കുകയാണെങ്കിൽ റാങ്ക് ലിസ്റ്റിലുള്ള അടുത്ത ആളെ പരിഗണിക്കും. ലോൺ കാലാവധി തീരുന്ന മുറയ്ക്ക് അർഹതപ്പെട്ട സർക്കാർ സബ്സിഡി (പരമാവധി 20,000 രൂപ) ഭിന്നശേഷിക്കാരന് ഭിന്നശേഷികോർപ്പറേഷൻ നൽകും.

ആദ്യ മാസത്തിൽ കച്ചവടം നടത്തിയതിനുശേഷം ഉൽപ്പന്നങ്ങളുടെ തുക നൽകിയാൽ മതി. ഉൽപ്പന്നങ്ങൾ ആവശ്യപ്പെടുന്നമുറയ്ക്ക് ഉടൻ എത്തിക്കുന്നതിനുള്ള സംവിധാനം കെൽപാം ഏർപ്പെടുത്തും.

പി.എൻ.എക്സ്. 5908/2024

date