ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് കണ്ണൂരിൽ തുടക്കമായി
കേരള സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 35ാമത് ദേശീയ സീനിയർ പുരുഷ-വനിതാ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. സീനിയർ പുരുഷ ഫോയിൽ, സീനിയർ വനിത എപ്പി, സീനിയർ പുരുഷ സാബ്രെ എന്നീ ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങൾ നടന്നത്. ബുധനാഴ്ച സീനിയർ വനിത ഫോയിൽ, സീനീയർ വനിത സാബ്രെ, സീനിയർ പുരുഷ എപ്പി ഇനങ്ങളിൽ മത്സരങ്ങളിൽ നടക്കും. കേരളം ഉൾപ്പെടെ 26 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സർവ്വീസ് ടീമിനേയും പ്രതിനിധീകരിച്ച് 700 ഓളം കായിക താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഉത്തരാഖണ്ഡിൽ നടക്കുന്ന 38ാമത് ദേശീയ ഗെയിംസിന്റെ സെലക്ഷൻ മത്സരം കൂടി ആണ് ഈ ചാമ്പ്യൻഷിപ്പ്. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജീകരിച്ച 13 പിസ്റ്റെകളിലാണ് മത്സരങ്ങൾ നടക്കുന്നത്. എപ്പി, സാബ്രെ, ഫോയിൽ വിഭാഗത്തിൽ ടീം മത്സരങ്ങളും വ്യക്തിഗത മത്സരങ്ങളും ഉണ്ട്.
രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ മുഖ്യാതിഥിയായി. ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യ ട്രഷറർ ബഷീർ അഹമ്മദ് ഖാൻ, ജോയിൻറ് സെക്രട്ടറി ദേബേന്ദ്രകുമാർ സാഹൂ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ എന്നിവർ വിശിഷ്ടാതിഥികളായി. സംഘാടക സമിതി ജനറൽ കൺവീനർ ഒ കെ വിനീഷ്, ഓർഗനൈസിംഗ് സെക്രട്ടറി മുജീബ് റഹ്മാൻ, ബോക്സിംഗ് ഡവലപ്മെൻറ് കമ്മിറ്റി ഓഫ് ഇന്ത്യൻ വൈസ് ചെയർമാൻ ഡോ. എൻകെ സൂരജ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ കെ പവിത്രൻ, കേരള ഫെൻസിംഗ് അസോസിയേഷൻ ട്രഷറർ ഡെന്നി തോമസ് വട്ടക്കുന്നേൽ, കേരള ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് വി പി പവിത്രൻ, കണ്ണൂർ ഫെൻസിംഗ് അസോസിയേഷൻ പ്രസിഡൻറ് സക്കീർ ടി ചിറയിൽ എന്നിവർ സംസാരിച്ചു.
രാവിലെ ഒമ്പത് മണി മുതൽ ഏഴ് മണി വരെയാണ് മത്സര സമയം. മത്സരം ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ തുടരും. ഒളിമ്പ്യൻ ഭവാനി ദേവി ഉൾപ്പെടെ ഇന്ത്യയുടെ ദേശീയ അന്തർദേശീയ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. സമാപന സമ്മേളനം ജനുവരി മൂന്നിന് വൈകീട്ട് നാല് മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
- Log in to post comments