അഭയമായി, അമ്മിണിക്ക് സർക്കാരിന്റെ കരുതലും തുണയും...
ഒടിഞ്ഞ കൈയും വിറയ്ക്കുന്ന ചുവടുകളുമായി അദാലത്ത് വേദിയിൽ എത്തിയ 85 കാരി അമ്മിണിക്കു സർക്കാരിന്റെ കൈത്താങ്ങ് .
ബന്ധുക്കളുപേക്ഷിച്ച അമ്മിണിയെ മന്ത്രി പി രാജീവിന്റെ നിർദേശപ്രകാരം തട്ടാംപടിയിലുള്ള നിർമ്മലാ ഭവൻ വൃദ്ധസദനത്തിലേക്ക് ഉടൻ തന്നെ മാറ്റി.
സാമൂഹ്യനീതി വകുപ്പാണ് അമ്മിണിക്കു അഭയസ്ഥാനം അറിയിച്ചത്.
മന:സമാധാനത്തോടെ തലചായ്ക്കാൻ ഒരിടത്തിനു വേണ്ടിയാണ് കുന്നുകര അടുവാശ്ശേരി സ്വദേശിയായ അമ്മിണി വേലായുധൻ പറവൂരിലെ കരുതലും കൈത്താങ്ങും അദാലത് വേദിയിൽ എത്തിയത്. 50 വർഷത്തിലേറെയായി താമസിക്കുന്ന വീട് അനന്തിരവൻ കയ്യേറി ഇറക്കിവിട്ടുവെന്ന് അമ്മിണി പരാതിപ്പെട്ടു. ശാരീരികമായി ഉപദ്രവിച്ചുവെന്നും പരാതിയുണ്ട്. രണ്ടര പതിറ്റാണ്ടായി ഭർത്താവ് മരിച്ചിട്ട്. ഒരു മകനുള്ളതും തന്നെ സംരക്ഷിക്കില്ലെന്ന് അമ്മിണി പറഞ്ഞു. ഭർത്താവുമായി ചേർന്നു നടത്തിയിരുന്ന കടയും മരുമകൻ കൈവശപ്പെടുത്തിയെന്നും വീടും കടയും തിരിച്ചുകിട്ടണമെന്നും പരാതിയിൽ അമ്മിണി ആവശ്യപ്പെട്ടു.
കുറേ നാളായി തനിച്ച് അടുവശ്ശേരിയിലെ വാടകവീട്ടിലാണ് താമസം. വാടക കൊടുക്കാൻ വക ഇല്ലാത്തതിനാൽ എപ്പോൾ വേണമെങ്കിലും അവിടെ നിന്നും ഇറങ്ങേണ്ടി വരും. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് ഇപ്പോൾ ഉപജീവന മാർഗമായ ലോട്ടറി വില്പനക്കും പോകാൻ ആകുന്നില്ല.
എന്നാൽ, പരാതിയിലുള്ള വീടും കടയും പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെടുന്നതാണെന്നും ഇപ്പോൾ നടത്തിപ്പുകാരെ ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിച്ചു വരുകയാണെന്നും തഹസിൽദാർ അറിയിച്ചു.
നിറകണ്ണുകളോടെ അമ്മിണി പറഞ്ഞ പരാതികൾ മന്ത്രി പി രാജീവ് കേട്ടു. എത്രയും പെട്ടെന്ന് സുരക്ഷിതമായ അഭയമൊരുക്കാൻ സാമൂഹ്യനീതി വകുപ്പിനു നിർദ്ദേശം നൽകുകയായിരുന്നു.
- Log in to post comments