Skip to main content

തടസ്സങ്ങൾ നീങ്ങി, സ്മിതയ്ക്ക് ഇനി  സ്വന്തം ഭൂമിയിൽ  വീട് വയ്ക്കാം

 

കോട്ടുവള്ളിയിലെ പൊക്കാളിപ്പാടത്തു നിന്നും 39 മീറ്റർ ദൂരത്ത് പോഞ്ഞാശ്ശേരി സ്വദേശി സ്മിത രവീന്ദ്രന്റെ സ്ഥലത്ത് വീടു വയ്ക്കുന്നതിന് രണ്ടു ദിവസത്തിനുള്ളിൽ അനുമതി നൽകണമെന്നു കോട്ടുവള്ളി പഞ്ചായത്ത് സെക്രട്ടറിക്കു മന്ത്രി പി രാജീവ് നിർദേശം നൽകി. 

സ്മിതയുടെ ഭൂമി കോസ്റ്റൽ സോൺ മാനേജ്മെൻറ് പ്ലാൻ പ്രകാരം(സി. ഇസെഡ്.എം.പി) തീരദേശ സംരക്ഷണ മേഖലയിൽ വരാത്തതാണെന്ന് ടൗൺ പ്ലാനർ സാക്ഷ്യപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

27 വർഷമായി എളംകുളം ഗാന്ധിനഗർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണു സ്മിതയും കുടുംബവും. ഭർത്താവ് കൂലിവേല ചെയ്താണു കുടുംബം പുലർത്തുന്നത്. ഇതിൽനിന്നും മിച്ചം കിട്ടുന്ന തുക സ്വരുക്കൂട്ടിയാണു കോട്ടുവള്ളി പഞ്ചായത്തിൽ വീടുവയ്ക്കാൻ  1.21 ആർ ഭൂമി വാങ്ങിയത്. ഇവിടെ വീടുപണിയാനായി അപേക്ഷ നൽകിയപ്പോഴാണു പഞ്ചായത്ത് അനുമതി നിഷേധിച്ചത്. 

സ്ഥലം തീരദേശ നിയന്ത്രണ മേഖലയിലാണെന്നും പൊക്കാളി പാടത്തു നിന്നും 39 മീറ്റർ ദൂരപരിധിയുള്ളൂവെന്നും കാണിച്ചാണു പഞ്ചായത്ത് അനുമതി നിഷേധിച്ചതെന്നു സ്മിത പറയുന്നു.  
സി ആർ ഇസെഡ് നോട്ടിഫിക്കേഷൻ 2019 പ്രകാരം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഇപ്പോഴും സി ആർ ഇസെഡ് III യിൽ ഉൾപ്പെടുന്നതിനാൽ 50 മീറ്റർ ദൂരപരിധി ആവശ്യമാണ് എന്ന് പഞ്ചായത്ത് അറിയിച്ചു.  

മന്ത്രിയുടെ നിർദ്ദേശപ്രകാരം ടൗൺ പ്ലാനർ നടത്തിയ പരിശോധനയിൽ സ്ഥലം സി ആർ ഇസെഡിൽ ഉൾപ്പെടുന്നില്ലെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ്, വീട് പണിയാൻ രണ്ടു ദിവസത്തിനുള്ളിൽ ക്രമപ്രകാരമുള്ള അനുമതിക്കു മന്ത്രി നിർദേശിച്ചത്. 

ഏറെ നാളത്തെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള തടസ്സങ്ങൾ നീങ്ങിയതിൻ്റെ സന്തോഷത്തിലാണ് സ്മിത മടങ്ങിയത്.

date