Skip to main content

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങില്‍ അഞ്ചു കേസുകള്‍ തീര്‍പ്പായി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മലപ്പുറം  ജില്ലാ സിറ്റിംഗില്‍ ആകെ പരിഗണിച്ച 15 കേസുകളില്‍ അഞ്ചെണ്ണം തീര്‍പ്പായി. തിരൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങിൽ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ. റഷീദാണ് പരാതികള്‍ പരിഗണിച്ചത്.

സ്വന്തം പേരിലുള്ള ഭൂമിയുടെ നികുതി പള്ളിക്കമ്മിറ്റിയുടെ പേരില്‍ അടയ്ക്കാന്‍ അനുമതി നല്‍കിയ തിരൂരങ്ങാടി തഹസീല്‍ദാരുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണാടിപ്പടി സ്വദേശിനി കമീഷനെ സമീപിച്ചത്. റീസര്‍വ്വേ നമ്പറിലുണ്ടായ തെറ്റ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും  ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് റീസര്‍വ്വേ നമ്പര്‍ തിരുത്തിയിട്ടുണ്ടെന്നും റവന്യു അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ പരാതി തീര്‍പ്പായി.

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ ലഭിക്കാന്‍ വഴിക്കടവ് സ്വദേശിനി സമര്‍പ്പിച്ച പരാതിയില്‍ ഇടപാട് തീര്‍ത്ത് ആഭരണങ്ങള്‍ കൈപ്പറ്റിയ രേഖകള്‍ പരിശോധിച്ച് എടക്കര പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കമീഷന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.

പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിക്കാന്‍ കമ്മീഷന്‍ ഇടപെടല്‍ ആവശ്യപ്പെട്ട ചെറുവായൂര്‍ സ്വദേശി, വിചാരണാവേളയില്‍ പരാതി പിന്‍വലിക്കുന്നതായി കമ്മീഷനെ അറിയിച്ചു.  ന്യൂനപക്ഷ കമ്മീഷന്റെ 9746515133 എന്ന നമ്പറില്‍ വാട്ട്സ് ആപ്പിലൂടെയും പരാതി നൽകാൻ സൗകര്യമുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.

 

date