തണ്ണിമത്തൻ കൃഷിയുമായി കുടുംബശ്രീ: 'വേനൽ മധുരത്തി'ന് ജില്ലയിൽ ഇന്നു (ജനുവരി 9) തുടക്കം -ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും
വേനൽകാലത്ത് ഗുണമേന്മയുളള വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുന്നതിനും കാർഷിക മേഖലയിൽ സംഘകൃഷി ഗ്രൂപ്പുകൾക്ക് മികച്ച വരുമാനം ലഭ്യമാക്കാനുമായി 'വേനൽ മധുരം' തണ്ണിമത്തൻ കൃഷി പദ്ധതിയുമായി കുടുംബശ്രീ. ആദ്യഘട്ടമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 80 ഏക്കർ സ്ഥലത്ത് കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ കൃഷിയിറക്കും. 'വേനൽ മധുരം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിൽ വ്യാഴാഴ്ച (ജനുവരി 9) ഉച്ചകഴിഞ്ഞ് 12.30 ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
ഉദ്ഘാടനച്ചടങ്ങിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ പദ്ധതി വിശദികരിക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഡോ. റോസമ്മ സോണി, ഹൈമി ബോബി, സി.ഡി.എസ്. ചെയർപേഴ്സൺ എൻ.ജെ. റോസമ്മ, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ എന്നിവർ പങ്കെടുക്കും.
ഷുഗർ ബേബി, കിരൺ എന്നീ ഇനത്തിലുള്ള തണ്ണിമത്തൻ വിത്തുകൾ ലഭ്യമാക്കി കൃഷി ഓഫീസർമാരുടെ സാങ്കേതിക പിന്തുണയോടെയാണ് കൃഷി ചെയ്യുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിള മഹോത്സവങ്ങൾ സംഘടിപ്പിച്ചു പ്രാദേശികമായി മികച്ച വിപണന സംവിധാനം ഒരുക്കി വനിതകൾക്ക് സുസ്ഥിരമായ വരുമാനം ലഭ്യമാക്കും.
- Log in to post comments