കേരള വനം വികസന കോർപ്പറേഷൻ സുവർണ ജൂബിലി നിറവിൽ ആഘോഷപരിപാടികൾ ജനുവരി 24ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും
കേരള വനം വികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി.)
സുവർണ ജൂബിലി നിറവിൽ. വനത്തിന്റെയും പ്രകൃതിയുടെയും സംരക്ഷണവും വികസനവും ലക്ഷ്യമിട്ട് 1975-ലാണ് കോർപ്പറേഷൻ രൂപീകരിച്ചത്. ജനുവരി 24 മുതൽ അടുത്തവർഷം ജനുവരി 23 വരെ നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ ആറു ഡിവിഷനുകളിലായി വിപുലമായി നടത്തും. ജനുവരി 24നു രാവിലെ 10.30ന് കാരാപ്പുഴയിലെ കെ.എഫ്.ഡി.സി. മുഖ്യകാര്യാലയത്തിൽ സുവർണ ജൂബിലി ആഘോഷങ്ങൾ വനം- വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സഹകരണ-ദേവസ്വം-തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, എം.പി.മാരായ കെ. ഫ്രാൻസിസ് ജോർജ്ജ്, ജോസ് കെ. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., കെ.എഫ്.ഡി.സി. ചെയർപേഴ്സൺ ലതികാ സുഭാഷ്, വനം-വന്യജീവി വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.ആർ. ജ്യോതിലാൽ, വനം മേധാവി ഗംഗാ സിങ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം എൻ.എൻ. വിനോദ്, കെ.എഫ്.ഡി.സി. മാനേജിങ് ഡയറക്ടർ ജോർജി പി. മാത്തച്ചൻ, ഡയറക്ടർമാരായ കെ.എസ്. ജ്യോതി, പി.ആർ. ഗോപിനാഥൻ, അബ്ദുൾറസാഖ് മൗലവി, ആർ.എസ്. അരുൺ, അസിസ്റ്റന്റ് ജനറൽ മാനേജർ വി.എസ്. കിരൺജോസ് എന്നിവർ പ്രസംഗിക്കും.
- Log in to post comments