കോതമംഗലം അദാലത്തിൽ നൽകിയത് 129 മുൻഗണനാ റേഷൻ കാർഡുകൾ
ആദിവാസി മേഖലയിൽപ്പെട്ട റേഷൻ കാർഡ് ഇല്ലാത്ത 38 പേർക്കു മുൻഗണനാ കാർഡ് നൽകി
കാടിറങ്ങി കൈപ്പറ്റിയത് അർഹതപ്പെട്ട ആനുകൂല്യം
'വലിയ ആശ്വാസത്തോടെയാണു ഞങ്ങൾ എല്ലാവരും മുൻഗണന കാർഡ് കൈപ്പറ്റിയത് ' വിനീത പറഞ്ഞു.
ആദിവാസി മേഖലയിൽ പെട്ട 38 പേർക്കാണ് അദാലത്തിൽ മുൻഗണന കാർഡ് അനുവദിച്ചത്.
വെള്ളാരംകുന്ന് മണികണ്ഠൻചാൽ സ്വദേശിയായ വിനീത കഴിഞ്ഞ വർഷമാണു പ്രെമോട്ടറുടെ സഹായത്തോടെ കാർഡിന് അപേക്ഷിച്ചത്. സ്വന്തമായി വീടില്ലാത്തതിനാൽ അമ്മുമ്മ പങ്കജാക്ഷിക്കൊപ്പമാണു നിലവിൽ അമ്മയും, വിനീതയും ഭർത്താവ് അഭിലാഷും രണ്ടു വയസുകാരനായ മകനും താമസിക്കുന്നത്. അച്ഛൻ നാലു കൊല്ലം മുമ്പ് മരത്തിൽ നിന്നും വീണു മരിച്ചു. ഭർത്താവിൻ്റെ വരുമാനം കൊണ്ട് കുടുംബത്തിലെ മുഴുവൻ ആവശ്യങ്ങളും പരിഹരിക്കാൻ കഴിയാറില്ല. ചികിത്സ ചെലവുകൾ വേറെയും. മുൻഗണന കാർഡ് ലഭിക്കുന്നതോടെ ചികിത്സാനുകൂല്യങ്ങളും ഭക്ഷ്യധാന്യങ്ങളും ലഭിക്കുമെന്നത് ഏറെ ആശ്വാസമാകും. കൂടാതെ രണ്ടു വയസുള്ള മകനും ഭക്ഷണം ബുദ്ധിമുട്ടില്ലാതെ നൽകാനാകുമെന്നത് അമ്മയെന്ന നിലയൽ ഏറെ ആശ്വാസമാകുമെന്നും മന്ത്രി പി രാജീവിൽ നിന്നും വീണാ ജോർജിൽ നിന്നും മുൻഗണന കാർഡ് കൈപ്പറ്റിയ ശേഷം വിനിത പറഞ്ഞു.
അദാലത്തിൽ 11 പിഎച്ച്എച്ച് കാർഡുകളും 80 അന്ത്യോദയ അന്ന യോജന കാർഡുകളും എസ് ടി വിഭാഗത്തിൽ പെട്ട റേഷൻ കാർഡില്ലാത്തവർക്ക് 38 കാർഡുമടക്കം
129 കാർഡുകൾ അദാലത്തിൽ വിതരണം ചെയ്തു.
കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര പിണവൂർകുടി ആദിവാസി മേഖലയിലുള്ളവരാണ് ഭൂരിഭാഗം പേരും .
വിവിധ ആരോഗ്യ പ്രശ്നങ്ങളുള്ളവരും
നിരാലംബരായ ആശ്രയ വിഭാഗത്തിൽപ്പെട്ടവരുമാണു മുൻഗണന കാർഡ് ലഭിച്ചവരിൽ ഏറിയ പങ്കും.
- Log in to post comments