Skip to main content

നിറമരുതൂര്‍ സ്‌കൂളിനെ മാതൃകാ സ്പോർട്സ് സ്കൂളാക്കും - മന്ത്രി വി. അബ്ദുറഹ്മാൻ സ്റ്റേഡിയവും ഗ്യാലറിയും ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് കായിക മേഖലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്നും നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ മാതൃകാ സ്പോർട്സ് സ്കൂളാക്കി മാറ്റുമെന്നും കായിക - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച മള്‍ട്ടിപര്‍പസ് സ്റ്റേഡിയത്തിന്റെയും ഗ്യാലറിയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

കൃത്യമായ മാസ്റ്റർപ്ലാൻ അനുസരിച്ചാണ് സ്കൂളിലെ അടിസ്ഥാനസൗകര്യ വികസനം നടപ്പിലാക്കുന്നത്. സ്കൂളുകളിൽ കായികോത്സവങ്ങൾ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കും. നിറമരുതൂർ സ്കൂളിലെ സൗകര്യങ്ങൾ കേരളത്തിനു മാതൃകയാക്കാവുന്ന രീതിയിൽ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

1.89 കോടി രൂപ ചെലവിൽ നിർമ്മിച്ച, പ്രീ എഞ്ചിനീയറിങ് സ്ട്രക്ചറോടു കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ഗ്യാലറി തുടങ്ങി വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടണ്ട്. 

 

നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി ചടങ്ങിൽ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്തംഗം വി.കെ.എം. ഷാഫി, താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പോളാട്ട് നാസർ, പഞ്ചായത്തംഗം ശാന്തമ്മ, ഡി.ഡി.ഇ. കെ.പി രമേഷ്കുമാർ, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ സുരേഷ് കൊളശ്ശേരി, ഹെഡ്മാസ്റ്റർ ടി.വി. ദിനേഷ്, പ്രിൻസിപ്പൾ പി.ബി.ഷിജു, ജി.യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ടി. വി .ലത, പി. ടി. എ.പ്രസിഡന്റ് കെ. ടി. ശശി, മുസ്തഫ പൊക്ലാത്ത്, ടി.പി.ഹാജറ പങ്കെടുത്തു.

 

date