ജൈവ വൈവിധ്യം ഫലപ്രദമായി ഉപയോഗപ്പെടുത്തണം
ജൈവ വൈവിധ്യം പരിരക്ഷിക്കുന്നതിനോടൊപ്പം അത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും വേണമെന്ന് ഹരിത വിപ്ലവത്തിന്റെ പിതാവായ പ്രൊഫ.എം.എസ്.സ്വാമിനാഥന് അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പുത്തൂര്‍വയല്‍ എം.എസ്.സ്വാമിനാഥന് ഫൗണ്ടേഷനില്‍ ആരംഭിച്ച ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച ത്രിദിന മാധ്യമ ശില്പശാലയില് വിഡിയോ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 1992 ലെ റിയോ ഡി ജനീറോ കണ്വെന്ഷന് വരെ ജൈവവൈവിധ്യം മനുഷ്യരാശിയുടെ പൈതൃകം എന്ന നിലയിലാണ് കണ്ടിരുന്നെങ്കില്‍ പിന്നീടത് ഓരോ രാജ്യത്തിന്റെയും സ്വന്തം പൈതൃകമായി ഏറ്റെടുക്കുകയും അതിന്റെ പരിരക്ഷ അതാത് രാജ്യത്തിന്റെ ഉത്തരവാദിത്തമായി മാറുകയുമായിരുന്നു. ഇന്ത്യയാണ് ലോകത്താദ്യമായി ജൈവവൈവിധ്യ നിയമം പാസാക്കിയത്. ഭൂമിയുടെ ഉപയോഗ മാറ്റം മൂലം ജനിതക നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. വയനാട്ടില്‍ പ്ലാന്റേഷന് വരുത്തിയ മാറ്റങ്ങള്‍ ഇതിന് ഉദാഹരണമാണ്. ജനങ്ങളെ ജൈവവൈവിധ്യ സംരക്ഷണത്തില്‍ ബോധവാന്മാരാക്കുന്നതില് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറെ പങ്കുണ്ടെന്നും ഇതിന് അവര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാകാനുള്ള വയനാടിന്റെ ശ്രമങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണെന്ന് പ്രശസ്ത പത്രപ്രവര്ത്തകന് ഗോപി വാര്യര്‍ പറഞ്ഞു. വയനാടാണ് സംസ്ഥാനത്തെ ഏറ്റവും നല്ല ജൈവവൈവിധ്യ സൗഹൃദ ജില്ലയെന്ന് എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ.എന്‍.അനില്‍കുമാര്‍ പറഞ്ഞു. 2020-ഓടെ എല്ലാ സുസ്ഥിര വികസന പദ്ധതികളുടെയും അവിഭാജ്യ ഘടകമായി ജൈവവൈവിധ്യം മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൈവവൈവിധ്യ സംരക്ഷണത്തില്‍ കൂടുതല്‍ ബോധവല്‍കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് നാഷണല്‍ ബയോ ഡൈവേഴ്സിറ്റി അതോറിറ്റി ചെയര്‍പേഴ്സണ്‍ ഡോ.ബി.മീനാകുമാരി സംസാരിച്ചു. ജൈവവൈവിധ്യ സംരക്ഷണ നിയമത്തെക്കുറിച്ച് ടി.രബികുമാര്‍, പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ.ഇ.കുഞ്ഞികൃഷ്ണന്, ബി.ജയശ്രീ, എം.കെ.ബിനീഷ്, അപര്‍ണ നാരായണന്, നീനു, ഗിരിജന്‍ ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.
ശില്പശാലയില് പങ്കെടുക്കുന്നവര്‍ ഇന്ന് (വ്യാഴം) ജില്ലയിലെ ജൈവവൈവിധ്യ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ശില്പശാല നാളെ സമാപിക്കും.
- Log in to post comments