അന്താരാഷ്ട്ര വനിതാ ദിനം രാത്രികാലങ്ങളില്‍ സ്ത്രീക്ക് ഭയമില്ലാതെ സഞ്ചരിക്കാനുള്ള സ്ഥിതി ഉണ്ടാകം: ജില്ലാ കലക്ടര്‍
രാത്രികാലങ്ങളില്‍ സ്ത്രീക്ക് ഭയമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്ഥിതി ഉണ്ടാകണമെന്നും വനിതകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടായാല്‍ സര്‍ക്കാരിന്റെ '181' ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്നും ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ അഭിമുഖ്യത്തില്‍ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വനിത ഭരിക്കുന്ന രാജ്യത്താണ് നാമിന്ന് ജീവിക്കുന്നതെന്നും അത്രയും ശക്തമായി നമ്മുടെ രാജ്യം മാറിക്കഴിഞ്ഞുവെന്നും സംസ്ഥാനത്ത് ഭരണതലത്തില്‍ ഏറ്റവും ഉന്നതമായ പദവിയില്‍ ഇരിക്കുന്നതും വനിത ആണെന്നും കലക്ടര്‍ പറഞ്ഞു. യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വനിതാ ശിശുവികസന ഓഫീസര്‍ പി. ബിജി അധ്യക്ഷത വഹിച്ചു.
ഈ വര്‍ഷത്തെ വനിതാദിന പരിപാടിയുടെ തീം 'ഫോര്‍ ഓള്‍ വുമണ്‍ ആന്‍ഡ് ഗേള്‍സ് റൈറ്റ്, ഇക്വാലിറ്റി, എംപവര്‍മെന്റ്' എന്നാണ്. ചടങ്ങില്‍ വിശിഷ്ടാതിയായി എത്തിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷിനെയും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെയും കലക്ടര്‍ ആദരിച്ചു. ജില്ലാതല സംവാദ മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് വിതരണം ചെയ്തു. ജില്ലാ ശിശുവികസന ഓഫീസര്‍ എല്‍. രഞ്ജിനി സ്വാഗതം പറഞ്ഞു. ഇത്തിക്കര സിഡിപിഓമാരായ പി. ആര്‍.കവിത, ജെ. ഗ്രേസി, കൊല്ലം ഗവ.ആഫ്റ്റര്‍ കെയര്‍ ഹോം സൂപ്രണ്ട് ആര്‍. ബിന്ദു, ജില്ലാതല ഐപിഡിഎസ് സെല്‍ ജൂനിയര്‍ സൂപ്രണ്ട് റ്റി. വിനോദ്, അഞ്ചാലുംമൂട് സിഡിപിഓ ടിന്‍സി രാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങിന് ആശംസ പറഞ്ഞു.
'ഫോര്‍ ഓള്‍ വുമണ്‍ ആന്‍ഡ് ഗേള്‍സ് റൈറ്റ്. ഇക്വാലിറ്റി. എംപവര്‍മെന്റ്' എന്ന വിഷയത്തില്‍ അഡ്വ. ജി.പ്രസന്നകുമാരി ബോധവല്‍ക്കരണ ക്ലാസ് നടത്തി. പരിപാടിയുടെ ഭാഗമായി കൊല്ലം ശ്രീനാരായണ കോളേജ് എന്‍എസ്എസ് ടീം തെരുവ് നാടകം അവതരിപ്പിച്ചു. തുടര്‍ന്ന് ഫിലിം ഷോയും നടത്തി. പരിപാടിയുടെ ഭാഗമായി ഗവ. ആഫ്റ്റര്‍ കെ ഹോം, കൊല്ലം മഹിളാ മന്ദിരം, ഗവ. ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളിലെ കുട്ടികള്‍ അംഗനവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ കലാപരിപാടികള്‍ അവതരിച്ചു.പരിപാടിയില്‍ വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാരും, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, വനിതാ സംഘടനാ പ്രതിനിധികള്‍, വനിതാ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 684/2025)
- Log in to post comments