അഭിമാനവും മാതൃകയുമാണ് വനിതാ കർഷകർ: മന്ത്രി പി പ്രസാദ്
അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് ഒരു കർഷകയുടെ കൃഷിയിടത്തിലെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അഭിമാനവും മാതൃകയുമാണ് നമ്മുടെ വനിതാ കർഷകരെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാറാം വാർഡിലെ മുതിർന്ന കർഷക ശശികലയുടെ വീട്ടുവളപ്പിലെ പച്ചക്കറി വിളവെടുപ്പ് വനിതാ ദിനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൃഷി സന്തോഷത്തിനും സമ്പത്തിനും ഉപകരിക്കുമെന്ന പാഠമാണ് പ്രായത്തെ മറികടന്ന് ഇപ്പോഴും കൃഷി ചെയ്യുന്ന മുതിർന്ന കർഷകയായ ശശികലയുടെ ജീവിതം നൽകുന്ന സന്ദേശം. കൃഷി ചെയ്യുവാൻ പ്രായം പ്രശ്നമല്ല. ഏത് പ്രായത്തിലും കൃഷി ചെയ്യാൻ സാധിക്കും. മനസ്സും ശരീരവും അർപ്പിച്ച് കൃഷി ചെയ്യുകയും അതിലൂടെ നേട്ടങ്ങൾ കൊയ്യുകയും ചെയ്യുന്ന ശശികല ചേച്ചിയെ എല്ലാവരും മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു.
കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എസ് ശ്രീലത, കർമ്മസേന കൺവീനർ ജി. ഉദയപ്പൻ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments