Skip to main content

റവന്യൂ ഇ സാക്ഷരതാ പദ്ധതി മെയിൽ ആരംഭിക്കും - റവന്യൂ മന്ത്രി കെ. രാജൻ നാല് സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി നാടിന് സമർപ്പിച്ചു

റവന്യൂ ഇ സാക്ഷരത പദ്ധതി മെയ് മാസത്തിൽ  ആരംഭിക്കുമെന്ന് റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലയിലെ നാല് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം വിവിധ കേന്ദ്രങ്ങളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാട്ടിപ്പരുത്തി, കോട്ടക്കൽ, പൊന്മള, ചീക്കോട് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്.

ഓരോ കുടുംബത്തിലും ഒരാളെയെങ്കിലും റവന്യൂ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കാൻ പ്രാപ്തമാക്കുന്ന വിധം ബഹുജന പങ്കാളിത്തത്തോടെയാണ് റവന്യൂ ഇ സാക്ഷരത പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു. സാധാരണ ജനങ്ങൾക്ക് പ്രാപ്യമാകുന്ന രീതിയിൽ ഇ സാക്ഷരത ക്രമീകരിക്കും. റവന്യൂ സംബന്ധമായ വിവിധ സേവനങ്ങൾ, അവ ലഭിക്കുന്നതിനുള്ള യോഗ്യതകൾ, സമർപ്പിക്കേണ്ട രേഖകൾ, അപേക്ഷ നൽകേണ്ട വിധം, നിരസിച്ചാൽ അപ്പീൽ നൽകേണ്ട വിധം എന്നിങ്ങനെ വിവിധ കാര്യങ്ങളിൽ പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിലുള്ള വില്ലേജ് തല ജനകീയ സമിതി അംഗങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടന പ്രതിനിധികൾ, വിവിധ റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ക്ലബ്ബുകൾ, എന്നിവ മുഖേന എല്ലാ ജനങ്ങളിലും റവന്യൂ സാക്ഷരത എത്തിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

റവന്യൂ വകുപ്പിന്റെ പൂമുഖ പടിവാതിലായ വില്ലേജ് ഓഫീസ് സുതാര്യമാകണം. കേരളത്തിലെ ഏറ്റവും സങ്കീർണമായ ഈ സേവനമേഖലയെ ജന സൗഹൃദമാക്കുക എന്നതാണ് ലക്ഷ്യം. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്നതാണ് സർക്കാരിന്റെ മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് ഓഫീസുകൾ ആക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യത്തോടെ നിർമ്മിച്ച മലപ്പുറം ജില്ലയിലെ നാല് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.

കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ അധ്യക്ഷനായി. കെ ടി ജലീൽ എം എൽ എ, ജില്ലാ കളക്ടർ വി ആർ വിനോദ്, ഡെപ്യൂട്ടി കളക്ടർ എസ് എസ് സരിൻ, വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു. റവന്യൂ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 44 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം സ്മാർട്ട് ആക്കിയത്.

കോട്ടക്കൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ അധ്യക്ഷനായി. ജില്ലാ കളക്ടർ വി ആർ വിനോദ്, കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ ഹനീഷ, വാർഡ് കൗൺസിലർ ഷബ്ന കളത്തിൽ, വില്ലേജ് ഓഫീസർ നിസാം അലി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. റവന്യൂ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയാണ് സ്മാർട്ട് കെട്ടിടം നിർമ്മിച്ചത്.

പൊന്മള സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷനായി. ജില്ലാ കളക്ടർ വി ആർ വിനോദ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ, പൊന്മള പഞ്ചായത്ത് പ്രസിഡണ്ട് ജസീന അബ്ദുൽ മജീദ്, പഞ്ചായത്തംഗം അത്തു വടക്കൻ, എ ഡി എം എൻ എം മെഹറലി തുടങ്ങിയവർ പങ്കെടുത്തു.

date