ധനകാര്യ കമ്മീഷന്റെ ഡി.പി.സി തല യോഗം ചേര്‍ന്നു; തദ്ദേശ സ്ഥാപനങ്ങളുടെ ധനവിനിയോഗം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും: ഡോ. കെ എൻ ഹരിലാൽ
തദ്ദേശ സ്ഥാപനങ്ങളുടെ ധനകാര്യ വിനിയോഗവും നടപടി ക്രമങ്ങളും പദ്ധതി രൂപീകരണവും നിര്‍വഹണവുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും ആശയങ്ങളും പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ.എന്‍ ഹരിലാല്‍ അറിയിച്ചു. ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന ഏഴാം ധനകാര്യകമ്മീഷന്റെ ഡി.പി.സിതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയശേഷം ആവശ്യമെങ്കില്‍ വീണ്ടും കൂടിയാലോചനകള്‍ നടത്തി ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിലും പദ്ധതി വിഹിതം അനുവദിക്കുന്നതിലും കാലോചിതമായ മാറ്റം ആവശ്യമാണെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലാ ആസൂത്രണസമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ആമുഖ ഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, ഡി.പി.സി അംഗങ്ങളായ എം ശ്രീധരന്‍, കെ താഹിറ, കെ.വി ലളിത, കെ.വി ഗോവിന്ദന്‍, അഡ്വ. ടി.ഒ മോഹനന്‍, ഇ വിജയന്‍ മാസ്റ്റര്‍, ധനകാര്യ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ഡി അനില്‍പ്രസാദ്, അഡ്വൈസർ കെ.കെ ഹരികുറുപ്പ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments