'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' കാംപയിന്‍: ജില്ലയില്‍ നിന്നും പങ്കാളികളായത് 67514 പേര്‍
കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാംപയ്‌നില്‍ പാലക്കാട് ജില്ലയില്‍ നിന്നും പങ്കാളികളായത് 67514 വനിതകള്‍. 30 വയസ്സിന് മുകളിലുള്ള എല്ലാ വനിതകളെയും കാന്‍സര്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാല് മുതല്‍ വനിതാ ദിനമായ മാര്‍ച്ച് എട്ടു വരെയാണ് കാംപയിന്‍ സംഘടിപ്പിച്ചിരുന്നത്. ജില്ലയിലെ 127 ആരോഗ്യ സ്ഥാപനങ്ങളിലും 260ഓളം സ്‌പെഷ്യല്‍ സ്‌ക്രീനിങ്ങ് ക്യാമ്പുകളിലുമായാണ് പരിശോധന നടന്നത്. 67514 വനിതകളാണ് കാന്‍സര്‍ സ്‌ക്രീനിങിന് വിധേയരായത്. 65273 പേരെ സ്തനാര്‍ബുദ സ്‌ക്രീനിങിന് വിധേയരാക്കി. 49821 പേര്‍ ഗര്‍ഭാശയഗളാര്‍ബുദ സ്‌ക്രീനിങിനും വിധേയരായി. ഓറല്‍കാന്‍സര്‍ സ്‌ക്രീനിങ്ങ് നടത്തിയവരുടെ എണ്ണം 34339 ആണ്. 4642 പേരുടെ പാപ്സ്മിയര്‍ (ഗര്‍ഭാശയഗളാര്‍ബുദ സാധ്യത കണ്ടെത്തുന്നതിനുള്ള പരിശോധന) സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 727 സാമ്പിളുകള്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. മാമോഗ്രഫി പരിശോധനഫലം വന്നതില്‍ ബയോപ്‌സി ഉള്‍പ്പടെ കൂടുതല്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയതില്‍ ആറു പേര്‍ക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ കൂടുതല്‍ ടെസ്റ്റുകള്‍ക്ക് വിധേയമായി വരുന്നു. പാപ്സ്മിയറിന്റെ റിപ്പോര്‍ട്ടുകള്‍ ലഭ്യമായവരില്‍ 19 പേര്‍ക്ക് പ്രീ ക്യാന്‍സറസ് (ഗര്‍ഭാശയഗള കാന്‍സറിന് സാധ്യതയൊ, ലക്ഷണങ്ങളോ ഉള്ള അവസ്ഥ) കേസുകളും കണ്ടെത്തിയിട്ടുണ്ട്.
- Log in to post comments