കക്കാട് നീന്തല്‍ക്കുളം എം.എല്‍.എ ഫണ്ടില്‍ പുതുക്കിപ്പണിയും
ജില്ലയിലെ പ്രധാന നീന്തല്‍ പരിശീലന കേന്ദ്രമായിരുന്ന കക്കാട് നീന്തല്‍കുളം പുതുക്കിപ്പണിയുന്നു. 2018 ലെ പ്രളയത്തില്‍ പൂര്‍ണ്ണമായും നശിച്ചുപോയ കക്കാട് നീന്തല്‍ക്കുളം പുതുക്കിപ്പണിയാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചതായി കെ.വി സുമേഷ് എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം നീന്തല്‍കുളം സന്ദര്‍ശിച്ച് നിലവിലെ സ്ഥിതി വിലയിരുത്തി. കുളം ഗ്രൗണ്ട് ലെവല്‍ ഉയര്‍ത്തുകയും വാട്ടര്‍ പ്രൂഫിങ് നിലം, ഫില്‍ട്രേഷന്‍ യൂണിറ്റ് എന്നിവ പുതുതായി നിര്‍മ്മിക്കുകയും ചെയ്യും. തകര്‍ന്നുപോയ ടോയ്ലറ്റ് ബ്ലോക്കും പുനര്‍നിര്‍മ്മിക്കും. സാങ്കേതിക നടപടികള്‍ വേഗത്തിലാക്കാനാവശ്യമായ ഇടപെടല്‍ നടത്തുമെന്ന് എം.എല്‍.എ പറഞ്ഞു. പ്രളയത്തില്‍ വെള്ളം കയറിയതിനാല്‍ മെഷീനുകള്‍ നശിക്കുകയും കെട്ടിടം പൂര്‍ണമായും വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു. നീന്തല്‍ക്കുളത്തിന്റെ ചുമര് വിണ്ടുകീറുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും കായികപ്രേമികളും പ്രദേശവാസികളും കെ വി സുമേഷ് എംഎല്‍എയെ ബന്ധപ്പെടുകയും കുളം നവീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് എം.എല്‍.എ ഫണ്ടില്‍ നിന്ന് നീന്തല്‍കുളം നവീകരിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന് മാസ്റ്റര്‍, സെക്രട്ടറി എ വി പ്രദീപന്, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് അഷറഫ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡാലിയ, അസിസ്റ്റന്റ് എഞ്ചിനീയര്‍ എം ശ്രീനിധി, , തുടങ്ങിയവരും നീന്തല്‍ക്കുളം സന്ദര്‍ശിച്ചു.
- Log in to post comments