നവംബർ 1 മുതൽ ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ സ്മാർട്ട് കാർഡുകൾ: മന്ത്രി കെ രാജൻ
*മണ്ണഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കിയ വില്ലേജ് ഓഫീസുകളിൽ പ്രോപ്പർട്ടി കാർഡുകൾ എന്ന റവന്യൂ സ്മാർട്ട് കാർഡുകൾ അവതരിപ്പിക്കുമെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
റവന്യൂ വകുപ്പ് ഇനി മുതൽ ഇ - സർവീസിലേക്ക് മാറുകയാണ്.
രേഖകളുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളിൽ ക്യൂ നിൽക്കാതെ സേവനങ്ങൾ ലഭ്യമാക്കാൻ സ്മാർട്ട് നമ്പറും ക്യൂആർ കോഡും ചിപ്പും ഘടിപ്പിച്ച എടിഎം കാർഡിന്റെ വലിപ്പത്തിലുള്ള സ്മാർട്ട് കാർഡുകൾ സഹായിക്കും. പത്ത് രാജ്യങ്ങളിലുള്ളവർക്ക് റവന്യൂ കാർഡ് ഗുണഭോക്താക്കളാകാൻ കഴിയും.
റവന്യൂ വകുപ്പ് അവതരിപ്പിക്കുന്ന ഇ - സാക്ഷരതയിലൂടെ കേരളത്തിലെ എൺപത്തിയേഴ് ലക്ഷം വീടുകളിൽ ഒരു വീട്ടിലെ ഒരാൾക്കെങ്കിലും ഓൺലൈനിലൂടെ സേവനങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭിന്നശേഷി വ്യക്തികൾക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ രൂപകൽപ്പന ചെയ്യുന്നത്. ആലപ്പുഴ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ കളക്ടർ അലക്സ് വർഗീസ്, എഡിഎം ആശ സി എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി വി അജിത്ത്കുമാർ, വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം സബീന, സ്ഥിരംസമിതി അധ്യക്ഷരായ എം എസ് സന്തോഷ്, കെ പി ഉല്ലാസ്, കെ ഉദയമ്മ, പഞ്ചായത്തംഗങ്ങളായ നവാസ് നൈന, രജനി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആർ /എ.എൽ.പി./1072)
- Log in to post comments