Skip to main content

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സന്ദർശനം പൂർത്തിയായി

ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കറിന്റെ നേതൃത്വത്തിൽ നടത്തിയ നിലമ്പൂർ മണ്ഡലം സന്ദർശനം പൂർത്തിയായി. ഇന്നലെ (ഏപ്രിൽ 09) രാവിലെ 9.30ന് പാലേമാട് വിവേകാനന്ദ ആർട്സ് ആൻഡ് സയൻസ് കോളെജിൽ വിദ്യാർത്ഥികളുമായി സംവദിച്ചാണ് അവസാന ദിവസത്തെ സന്ദർശനം തുടങ്ങിയത്. ഇലക്ഷൻ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.

യുവജനങ്ങൾക്കിടയിൽ നടത്തിയ ഓൺലൈൻ സർവ്വേയിൽ പുതിയ തലമുറ വോട്ട് ചെയ്യാൻ താല്പര്യം കാണിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. 18 മുതൽ 30 വയസ്സുവരെയുള്ളവർ വോട്ട് ചെയ്യാൻ വിമുഖത കാണിക്കുന്നത് നിരാശജനകമാണെന്നും ഈ പ്രവണത മാറ്റണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഇതിനെതിരെ നവമാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായി ക്യാംപയിൻ ശക്തമാക്കും. വിദ്യാർത്ഥികൾ അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അദ്ദേഹവുമായി പങ്കുവെച്ചു.

തുടർന്ന് നിലമ്പൂർ മണ്ഡലത്തിലെ ബൂത്ത്‌ ലെവൽ ഓഫിസർമാരുടെ യോഗം നിലമ്പൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിൽ ചേർന്നു. യോഗത്തിൽ  നിലവിൽ ബി. എൽ. ഒമാർ നേരിടുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉടൻ പരിഹരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കർ അറിയിച്ചു.

വൈകുന്നേരം നാലിന് നിലമ്പൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി യോഗം ചേർന്നു.
സംക്ഷിപ്ത വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉചിതമായ തീരുമാനങ്ങൾ കൈകൊള്ളുമെന്നും പരാതിയില്ലാതെ മികച്ച വോട്ടർ പട്ടിക തയ്യാറാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ സഹകരണം വേണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കർ യോഗത്തിൽ അറിയിച്ചു.ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക യോഗത്തിന് ശേഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് വിതരണം ചെയ്തു.

ജില്ലാ കളക്ടർ വി. ആർ വിനോദ്,  ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.എം സനീറ, നിയോജക മണ്ഡലത്തിന്റെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ പി സുരേഷ്, നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി സിന്ധു തുടങ്ങിയവരും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കൊപ്പമുണ്ടായിരുന്നു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ കഴിഞ്ഞ ഏഴിന് ജില്ലയിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ  ജില്ലാ കളക്ടറുടെ ചേംബറിൽ  പ്രാഥമിക യോഗം, സിവിൽ സ്റ്റേഷനിലെ ഇ.വി.എം.- വിവിപാറ്റ് ഡിപ്പോ സന്ദർശനം, പൊലീസ് ഓഫീസർമാർ, എക്സൈസ് ഉദ്യോഗസ്ഥർ, ഇൻകം ടാക്സ് ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ എന്നിവരുടെ യോഗം, നിലമ്പൂരിലെ പോളിങ് സ്റ്റേഷനുകളില്‍ സന്ദര്‍ശനം എന്നിവയിൽ അദ്ദേഹം പങ്കെടുത്തു.

date