Skip to main content

*-26358 കുടുംബങ്ങൾ നൂറു ദിനം പൂർത്തീകരിച്ചത് റെക്കോർഡ്*

*വയനാട് ജില്ലയിൽ 200 കോടി കടന്ന് തൊഴിലുറപ്പ് പദ്ധതി* 

 

*-സംസ്ഥാനത്ത് മികച്ച നേട്ടം*

 

*-സൃഷ്ടിച്ചത് 43.75 ലക്ഷം തൊഴിൽദിനങ്ങൾ* 

 

 

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-25 സാമ്പത്തിക വർഷം 206.37 കോടി രൂപ ചെലവഴിച്ചതിലൂടെ സംസ്ഥാനത്ത് തന്നെ മികച്ച നേട്ടം കൈവരിക്കാൻ വയനാട് ജില്ലക്ക് സാധിച്ചു. 

 

കഴിഞ്ഞ സാമ്പത്തിക വർഷം 186.81 കോടി രൂപയായിരുന്നു ചെലവഴിച്ചത്. 43.75 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതിലൂടെ 147.61 കോടി രൂപ കൂലിയിനത്തിലും 51.47 കോടി രൂപ മെറ്റീരിയൽ ഇനത്തിലും ഈ വർഷം ചെലവഴിക്കാൻ സാധിച്ചു. 61,051 കുടുംബങ്ങളാണ് ഈ സാമ്പത്തിക വർഷം തൊഴിലിനിറങ്ങിയത്. ഇതിൽ 26358 കുടുംബങ്ങൾ നൂറു ദിനം പൂർത്തീകരിക്കുകയും ചെയ്തു. ഇതും റെക്കോർഡാണ്. 15.36 കോടി രൂപ മെറ്റീരിയൽ ഇനത്തിൽ ഈ വർഷം കൂടുതൽ ഉപയോഗിച്ചതിലൂടെ 606 റോഡുകൾ, 28 കൾവർട്ടുകൾ, 31 ഡ്രെയിനേജുകൾ, 8 സ്കൂളുകൾക്ക് ചുറ്റുമതിൽ, 19 സ്വയം സഹായ ഗ്രൂപ്പുകൾക്ക് വർക്ക്ഷെഡ്, 182 ജലസേചന കുളങ്ങൾ, 3 അംഗൻവാടി കെട്ടിടം തുടങ്ങി ഗ്രാമീണ അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തുന്നതിനുള്ള പ്രവൃത്തികൾ പൂർത്തിയാക്കി.  ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട് 1633 സോക്ക്പിറ്റുകളും 272 കംമ്പോസ്റ്റ് പിറ്റുകളും 126 മിനി എംസിഎഫുകളും നിർമ്മിച്ചു. കൂടാതെ 1200 ഓളം കുടുംബങ്ങൾക്ക് തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, തീറ്റപ്പുൽകൃഷി തുടങ്ങിയ വ്യക്തിഗത ആസ്തികൾ നൽകാനും സാധിച്ചു. 

 

ജില്ലയിൽ വരൾച്ച പ്രതിരോധത്തിനായി ജല സംരക്ഷണ പ്രവൃത്തികളും പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണ പ്രവൃത്തികളും കൂടുതൽ കാര്യക്ഷമമായി ഏറ്റെടുക്കാൻ സാധിച്ചു. ഓരോ വാർഡിലും ഓരോ നഴ്സറി ആരംഭിച്ച് ഗ്രാമ സമൃദ്ധി എന്ന പേരിൽ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതി ഈ വർഷം ആരംഭിക്കാൻ പോവുകയാണ്. തൊഴിൽ കാർഡുള്ള കർഷകർക്ക് അവരുടെ തോട്ടങ്ങളിൽ തെങ്ങ്, കവുങ്ങ്, കാപ്പി, കശുമാവ്, റംബുട്ടാൻ, മാങ്കോസ്റ്റീൻ, സപ്പോട്ട, മാവ്, പുതിയ ഇനം പ്ലാവുകൾ, ഔഷധസസ്യങ്ങൾ, പൂമരങ്ങൾ എന്നിവ നട്ടു നൽകുന്നതാണ് പദ്ധതി. ഇതിലൂടെ 5 ലക്ഷം തൈകൾ കർഷകർക്ക് നട്ടു നൽകാനാണ് ലക്ഷ്യമിടുന്നത്. 

 

ഇതോടൊപ്പം ഓരോ ഗ്രാമപഞ്ചായത്തിലും ഒന്ന് വീതം ജൈവവൈവിധ്യ പാർക്കും ഔഷധസസ്യ ഉദ്യാനവും നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

date