Skip to main content

*സ്കൂൾ ഹെൽത്ത് & വെൽനസ് പരിപാടി; ജില്ലാതല ഏകോപന സമിതി യോഗവും പരിശീലനവും സംഘടിപ്പിച്ചു*

 

2025-26 വർഷം ഒന്നാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന സ്കൂൾ ഹെൽത്ത് ആൻറ് വെൽനസ് പരിപാടിയുടെ ജില്ലാതല ഇൻറർ സെക്ടറൽ യോഗവും പരിശീലനവും കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ നടന്നു. 

 

കുട്ടികളുടെ ശാരീരിക ആരോഗ്യം, ലൈംഗിക പ്രജനന ആരോഗ്യം, മാനസികാരോഗ്യം, സാമൂഹിക സുസ്ഥിതി എന്നീ നാല് മുഖ്യ മേഖലകളിലായി 11 ഇന പരിപാടികളാണ് നടപ്പിലാക്കുന്നത്. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതി പൊതുവിദ്യാഭ്യാസ, വനിത ശിശു വികസന, പട്ടിക വർഗ്ഗ വികസന, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുക. 

 

‘ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാനിർഭരമായ ഭാവി ‘

എന്ന ലോകാരോഗ്യ ദിനാചരണത്തിന്റെ ഈ വർഷത്തെ സന്ദേശം അടിസ്ഥാനമാക്കി നവജാത ശിശുക്കളുടെയും അമ്മമാരുടെയും സമഗ്ര ആരോഗ്യത്തിനുള്ള ഒരു വർഷം നീളുന്ന ക്യാംപയിൻ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു. 

 

ജില്ലയിൽ വീട്ടിൽ നിന്നുള്ള പ്രസവങ്ങൾ ഇല്ലാതാക്കുക, എല്ലാ കുഞ്ഞുങ്ങൾക്കും പൂർണ്ണ ഇമ്മ്യൂണൈസേഷൻ ഉറപ്പുവരുത്തുക, മാതൃശിശു മരണങ്ങൾ ഇല്ലാതാക്കുക എന്നിവയാണ് ക്യാംപയിൻ കാലയളവിൽ ലക്ഷ്യമിടുന്നത്.

 

പരിപാടിയിൽ ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ എം മുസ്തഫ ആമുഖ ഭാഷണവും ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ ജെറിൻ എസ് ജെറോഡ് വിഷയാവതരണവും നടത്തി. സ്കൂൾ ഹെൽത്ത് ആൻറ് വെൽനസ് പരിപാടിയെക്കുറിച്ച് മാനന്തവാടി ജില്ലാ ആശുപത്രി ആർഎംഒ ഡോ ജി ആർ ഫെസിനും അനീമിയ മുക്ത് ഭാരത് പരിപാടിയെക്കുറിച്ച് ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ ജെറിൻ എസ് ജെറോഡും ആർബിഎസ്കെ (രാഷ്ട്രീയ ബാൽ സ്വസ്ഥ്യ കാര്യക്രം) പരിപാടിയെക്കുറിച്ച് ജില്ലാ ആർബിഎസ്കെ കോർഡിനേറ്റർ ബിൻസി ബാബുവും ആർകെഎസ്കെ (രാഷ്ട്രീയ കിഷോർ സ്വസ്ഥ്യ കാര്യക്രം) പരിപാടിയെക്കുറിച്ച് അഡോളസൻറ് കൗൺസലർ ജാസ്മിൻ ബേബിയും പരിശീലനം നൽകി. 

 

പൊതുവിദ്യാഭ്യാസ വകുപ്പ്, വനിത ശിശു വികസന വകുപ്പ്, ശിശുസംരക്ഷണം, പട്ടിക വർഗ വികസനം എന്നിവയുടെ വകുപ്പ് മേധാവികൾ, വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി അസിസ്റ്റൻറ് വിദ്യാഭ്യാസ ഓഫീസർമാർ, സ്കൂൾ ഹെഡ്മാസ്റ്റർമാർ, സ്കൂൾ ഹെൽത്ത് ചാർജുള്ള അധ്യാപകർ, ജില്ലാ പ്രോഗ്രാം ഓഫീസർമാർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് മജോ ജോസഫ് നന്ദി പറഞ്ഞു.

date