*ടൗണ്‍ഷിപ്പ് നിര്‍മ്മാണം ഭൂമി ഏറ്റെടുത്തു; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും*
ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിനുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വയനാട് ജില്ലാ കളക്ടര്‍ ഭൂമി ഏറ്റെടുത്തത്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റര്‍ ജനറലിന്റെ അക്കൗണ്ടില്‍ മുമ്പ് കെട്ടി വെച്ചിട്ടുണ്ടായിരുന്നു. അത് കൂടാതെ ഇന്നത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 17.7754875 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവെക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച തുക കോടതിയില്‍ കെട്ടിവെയ്ക്കുന്നതിനും ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനും തീരുമാനിച്ചത്.
കല്‍പ്പറ്റ വില്ലേജ് ബ്ലോക്ക് 19 റീ സര്‍വ്വേ നമ്പര്‍ 88 ല്‍ 64.4705 ഹെക്ടര്‍ ഭൂമിയും കുഴിക്കൂര്‍ ചമയങ്ങളും ഏറ്റെടുത്താണ് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഹൈക്കോടതി ഉത്തരവ് ലഭിക്കുന്നത് ഇന്നലെ (ഏപ്രിൽ 11) വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ്. ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ, ഭൂമി ഏറ്റെടുക്കുന്നതിനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ ജെ.ഒ അരുണ്‍, എ.ഡി.എം കെ. ദേവകി, തഹസില്‍ദാര്‍മാര്‍, റവന്യു, ട്രഷറി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രാത്രി തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കി. ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇന്ന് ആരംഭിക്കും.
- Log in to post comments