നവീകരിച്ച കോയിപ്രം ജംഗ്ഷൻ - കല്ലുകടവ് - ബാങ്ക്പടി - ചാലച്ചിറ റോഡ് നാടിനു സമർപ്പിച്ചു
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മികച്ച ഗ്രാമീണറോഡുകളുള്ള സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് കേരളം മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
കുറിച്ചി ഗ്രാമപഞ്ചായത്തിൽ നവീകരിച്ച കോയിപ്രം ജംഗ്ഷൻ - കല്ലുകടവ് - ബാങ്ക്പടി - ചാലച്ചിറ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ റോഡ് നിർമാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥയാണ്. ഡിസൈനിങ്ങിലൂടെയാണ് കാലാവസ്ഥയെ അതിജീവിക്കുന്ന റോഡുകൾ നിർമിക്കാനാകുന്നത്. അഞ്ചുകൊല്ലം കൊണ്ടു കേരളത്തിലെ പൊതുമരാത്തുറോഡുകളുടെ അൻപതുശതമാനം ബി.എം.ബി.സി. നിലവാരത്തിലെത്തിക്കണമെന്ന ലക്ഷ്യം മൂന്നരവർഷം കൊണ്ടു നേടാനായി എന്നും മന്ത്രി പറഞ്ഞു.
1.50 കോടി രൂപ മുതൽ മുടക്കിയാണ് ബി.എം ആൻഡ് ബി.സി. നിലവാരത്തിൽ കോയിപ്രം ജംഗ്ഷൻ - കല്ലുകടവ് - ബാങ്ക്പടി - ചാലച്ചിറ റോഡ് നവീകരണം പൂർത്തീകരിച്ചത്. ചടങ്ങിൽ ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീല, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിജു എസ്. മേനോൻ, ഷൈലജാ സോമൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അനിത മാത്യു, പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സിനി മെറിൻ എബ്രഹാം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഡി. സുഗതൻ, പി.എസ്.രാജേഷ്, രമേശ് ബാബു കോയിപ്രം, അഗസ്റ്റിൻ ജോർജ്ജ്, സി.ഡി. വൽസപ്പൻ, കെ.ജി.രാജ് മോഹൻ, എം.എൻ. മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.
- Log in to post comments