Skip to main content

നല്ലവായന, നല്ല പഠനം, നല്ല ജീവിതം:  പുസ്തകങ്ങള്‍ വിതരണം ചെയ്തു

പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷാ അഭിയാനും നടപ്പിലാക്കുന്ന നല്ലവായന, നല്ല പഠനം, നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി  ഉപജില്ലയിലെ 102 വിദ്യാലയങ്ങളില്‍ ലൈബ്രറി പുസ്തക ങ്ങള്‍ വിതരണം ചെയ്തു. പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം പി.കെ ശ്രീമതി ടീച്ചര്‍ എം.പി നിര്‍വഹിച്ചു. 

സര്‍വശിക്ഷാ അഭിയാന്‍ കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യുടെ നേതൃത്വത്തില്‍  ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാമ്പത്തിക സഹായത്തോടെയാണ് പുസ്തകങ്ങള്‍ സമാഹരിച്ചത്. രണ്ടാം ക്ലാസിലെ 116 ഡിവിഷനുകളില്‍ ഒന്നര ലക്ഷം രൂപ മുഖവിലയുളള 40 പുസ്തകങ്ങള്‍ വീതം 4500 പുസ്തകങ്ങള്‍ സ്‌കൂളുകള്‍ ക്ക് കൈമാറി. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി കഥ, കവിത, നോവല്‍, ശാസ്ത്രരചനകള്‍, ലോകസാഹിത്യ ത്തിന്റെ ചെറുരൂപങ്ങള്‍ തുടങ്ങിയവയാണ് ലൈബ്രറി പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയത്.

ക്ലാസ്സ് മുറികളില്‍ ലൈബ്രറി തയ്യാറാക്കി വായനാ സൗകര്യം ഒരുക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലേക്കുള്ള പുസ്തകങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ സമാഹരിച്ചുവരികയാണ്. 
 ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് മുഖ്യാതിഥിയായി.

സാഹിത്യകാരന്‍ നാരായണന്‍ കാവുമ്പായി വായനയുടെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഡയറ്റ് പ്രിന്‍സിപ്പള്‍ കെ പ്രഭാകരന്‍, കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി.വി പുരുഷോത്തമന്‍, സീനിയര്‍ സൂപ്രണ്ട് സുഗതകുമാരി, എച്ച് എം ഫോറം സെക്രട്ടറി ടി കെ പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ നോര്‍ത്ത് ബി.പി.ഒ കൃഷ്ണന്‍ കുറിയ സ്വാഗതവും ട്രെയിനര്‍ ശശികുമാര്‍ എം പി നന്ദിയും പറഞ്ഞു. 

പി എന്‍ സി/4244/2017
 

date