വെളിയിട വിസര്‍ജ്ജന വിമുക്ത പദവി : വാര്‍ഡുതല പരിശോധനകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജില്ലയില്‍ വെളിയിട വിസര്‍ജ്ജന വിമുക്ത പദവി നേടിയ ഗ്രാമപഞ്ചായത്തുകള്‍ ഇതു നിലനിര്‍ത്തിക്കൊണ്ട് കേന്ദ്രഗവണ്മെന്റില് നിന്നും പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് അടിയന്തിര പരിശോധന പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി പറഞ്ഞു. ജില്ലാ ശുചിത്വസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പൊതു ശൗചാലയം പരിശോധനാവേളയിലാണ് ജില്ലാ ശുചിത്വസമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശം നല്‍കിയത്.
2016 ഒക്ടോബര്‍ ഏഴിന് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും വെളിയിട വിസര്‍ജ്ജന വിമുക്ത പദവി നേടിയിരുന്നു. ഇതിന്റെ സുസ്ഥിരത പരിശോധിക്കുന്നതിനായി ഈമാസം 23 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള സ്വതന്ത്ര ഏജന്‍സി ജില്ലയിലെ തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളില്‍ കര്‍ശന പരിശോധന നടത്തും. വ്യക്തിഗത ഗാര്‍ഹിക ശൗചാലയങ്ങള്‍, മലവിസര്‍ജ്ജന പൊതുഇടങ്ങള്‍, സുരക്ഷിത ഖര-ദ്രവ മാലിന്യ സംസ്കരണം, അംഗന്‍വാടി-സ്കൂള്‍ ശുചിത്വ സൗകര്യങ്ങള്‍, പൊതു ശൗചാലയങ്ങള്‍ എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്ന മേഖലകള്‍.
ഈമാസം 22 ന് മുന്‍പായി ബ്ലോക്ക്- ഗ്രാമതല ശുചിത്വ സമിതികള്‍ അടിയന്തരമായി വിളിച്ചുചേര്‍ക്കുകയും വാര്‍ഡുതല സാനിട്ടേഷന്‍ സമിതികളുടെ നേതൃത്വത്തില്‍ കൃത്യമായ പരിശോധന നടത്തി വെളിയിട വിസര്‍ജ്ജന വിമുക്ത പദവിയുടെ സുസ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യണം. ഈമാസം എട്ടിന് ചേര്‍ന്ന ജില്ലാ ശുചിത്വസമിതി യോഗത്തില്‍ ഇക്കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
ഇതു സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കിയിട്ടുള്ള സര്‍ക്കുലര്‍ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷന്മാര്ക്കും നല്‍കിയിട്ടുണ്ടെന്നും സര്‍ക്കുലര്‍ പ്രകാരമുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പൊതു ശൗചാലയ പരിശോധനയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാംസണ് തെക്കേതില്‍, ജില്ലാ ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ.വിനോദ് കുമാര്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പി.എന്‍.മധുസൂദനന്, ടി.എം.ജോസഫ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇസ്മായില്‍ കുഞ്ഞ്, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജയപ്രകാശ്, വി.ഇ.ഒ അനിത കുമാരി എന്നിവര്‍ പങ്കെടുത്തു.
(പിഎന്‍പി 3023/17)
- Log in to post comments