ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്: രജിസ്ട്രേഷന് നവംബര്‍ 20വരെ
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (ആര്.എസ്.ബി.വൈ- ചിസ്-എസ്.ചിസ്) 2018-19 വര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനുളള രജിസ്ട്രേഷന് നടപടികള്‍ നവംബര്‍ 20 ന് അവസാനിക്കും. അക്ഷയകേന്ദ്രങ്ങളും കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങളും മുഖേന രജിസ്ട്രേഷന് നടത്താം. രജിസ്റ്റര്‍ ചെയ്യാന്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 2017-18 വര്‍ഷത്തില്‍ ഫോട്ടോ എടുത്തു കാര്‍ഡ് എടുത്തവരും കാര്‍ഡ് പുതുക്കിയവരും ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ല. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ ഉളളവര്‍ക്ക് മറ്റു വിഭാഗങ്ങളില്‍ ഉള്‍പ്പെടാതെ തന്നെ അപേക്ഷ നല്‍കാം. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും അര്‍ഹത തെളിയിക്കുന്ന രേഖയുടെ അസ്സലും പകര്‍പ്പും രജിസ്ട്രേഷന് ഹാജരാക്കണം. പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍, മത്സ്യതൊഴിലാളികള്‍, തിരഞ്ഞെടുക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍/പെന്‍ഷന്‍കാര്‍, അംഗനവാടി ജീവനക്കാര്‍-ആശാപ്രവര്‍ത്തകര്‍, ആശ്രയ കുടുംബങ്ങള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 15 ദിവസമെങ്കിലും പണിയെടുത്തവര്‍, ഗാര്‍ഹിക തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, വികലാംഗര്‍, ടാക്സി- ഓട്ടോ ഡ്രൈവര്‍മാര്‍, വിവിധ സാമൂഹ്യ ക്ഷേമ പെന്ഷന് വാങ്ങുന്നവര്‍, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍, ആക്രി -പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, പാറമട തൊഴിലാളികള്‍, 1000 രൂപയില്‍ താഴെ ഇപിഎഫ് പെന്ഷന് വാങ്ങുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവരുടെ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡിലെ നിറമോ വരുമാന പരിധിയോ ബാധകമല്ലാതെ രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് അടുത്തുളള അക്ഷയ/ഉന്നതി കേന്ദ്രങ്ങളിലോ 1800 200 2530 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടുക.
- Log in to post comments