Skip to main content

ന്യായവില വിപണന കേന്ദ്രത്തിലൂടെ സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ വീട് നിര്‍മ്മാണം ഉറപ്പാക്കും:  മന്ത്രി ഇ. ചന്ദ്രശേഖരന്‍ 

 

സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ വീട് നിര്‍മാണം സാധ്യമാക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്കുളള ചവിട്ടുപടിയാണ് നിര്‍മിതി ന്യായവില വിപണന കേന്ദ്രമായ കലവറയെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പുമന്ത്രി ഇ.ചന്ദ്രശേഖരന്‍. വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര രാജീവ് ഗാന്ധി കോളനിയില്‍ കലവറ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച നിര്‍മിതി ന്യായവില വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്കറ്റ് വിലയെക്കാള്‍ പതിനഞ്ച് ശതമാനം കുറച്ച് പാവപ്പെട്ടവര്‍ക്ക് നിര്‍മാണ സാമഗ്രികള്‍ നല്‍കുന്നതിനാണ് കലവറ. സിമന്റിന് 295 രൂപയും കമ്പിക്ക് കിലോക്ക് 37 രൂപയുമാണ് കലവറയില്‍ ഈടാക്കുക. 750 ചതുരശ്ര അടി വരെ വിസ്തീര്‍ണമുളള വീടുകള്‍ക്കാണ് കലവറയില്‍ നിന്നുളള നിര്‍മാണ സാമഗ്രികള്‍ ഇപ്പോള്‍ ലഭ്യമാകുക. ഭാവിയില്‍ കൂടുതല്‍ നിര്‍മാണ സാമഗ്രികള്‍ കലവറ വഴി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നഗരത്തില്‍ നിന്നും നിര്‍മാണ സാമഗ്രികള്‍ ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ചെലവ് കുറയ്ക്കുന്നതിന് ഇതുപോലെ ഗ്രാമ പ്രദേശത്ത് കലവറ ആരംഭിക്കുന്നതിലൂടെ സാധ്യമാകും. മണലെടുക്കുന്നതിനും ക്വാറികള്‍ക്കും നിയന്ത്രണമുളള ഇക്കാലത്ത് ചെലവു കുറഞ്ഞതും സാങ്കേതികത്തികവോടു കൂടിയതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിര്‍മിതിയുടെ പങ്ക് വലുതാണ്. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍മിതിയെ ഏല്‍പിച്ചിരിക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്. ഒരു വീടെന്ന സ്വപ്നം പൂവണിയാത്തവര്‍ക്ക് ആദ്യം ചെറുതെങ്കിലും ഒരു വീട് നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരാണ്. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് വീടോ ഭൂമിയോ ഇല്ല. ഈ സാഹചര്യത്തില്‍ വീടില്ലാത്തവര്‍ക്ക് വീടും വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് ഇതുരണ്ടും നല്‍കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്ഥല ലഭ്യത കുറവ് ഉളളതിനാല്‍ ചുരുങ്ങിയ സ്ഥലമുപയോഗിച്ച് ഫ്‌ളാറ്റുകളും മറ്റും നിര്‍മിച്ച് കൂടുതല്‍ പേര്‍ക്ക് വാസസ്ഥലം ഒരുക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കലവറ പോലുളള ന്യായവില വിപണന കേന്ദ്രങ്ങള്‍ക്ക് സാധാരണക്കാരന് കൈത്താങ്ങാകാന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 
ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി. മണലൊടി അദ്ധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി ആദ്യവില്‍പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഉദയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യമോള്‍, വിവിധ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിര്‍മിതി കേന്ദ്രം ഡയറക്ടര്‍ ഡോ.അദീല അബ്ദുളള സ്വാഗതവും നിര്‍മിതി കേന്ദ്രം കോട്ടയം റീജിയണല്‍ എഞ്ചിനിയര്‍ മിനിമോള്‍ ചാക്കോ നന്ദിയും പറഞ്ഞു.
(കെ.ഐ.ഒ.പി.ആര്‍-1983/17)

date