Skip to main content
iritty

കണ്ണൂർ ജില്ലയിൽ 'കരുതലും കൈത്താങ്ങും' താലൂക്ക് അദാലത്തുകൾക്ക് സമാപനമായി

ഇരിട്ടി താലൂക്ക് അദാലത്തിൽ 146 പരാതികൾ തീർപ്പാക്കി

ഇരിട്ടി തന്തോട് സെൻറ് ജോസഫ്‌സ് ചർച്ച് പാരിഷ് ഹാളിൽ നടന്ന 'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് അദാലത്തിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു എന്നിവർ 146 പരാതികൾ തീർപ്പാക്കി. ഡിസംബർ ആറ് വരെ ഓൺലൈനായും നേരിട്ടും 208 പരാതികളാണ് ലഭിച്ചത്. 230 പരാതികൾ അദാലത്ത് ദിവസം നേരിട്ട് സ്വീകരിച്ചു. ആകെ ലഭിച്ച പരാതികൾ 438. അദാലത്തിൽ 34 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു. അദാലത്തിന് മന്ത്രിമാർക്ക് പുറമെ എംഎൽഎമാരായ കെ കെ ശൈലജ ടീച്ചർ, അഡ്വ. സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ, ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പത്മചന്ദ്ര കുറുപ്പ് എന്നിവർ നേതൃത്വം നൽകി. ഇതോടെ ജില്ലയിലെ താലൂക്ക് തല അദാലത്തുകൾക്ക് സമാപനമായി.
അദാലത്തിൽ എടുത്ത തീരുമാനങ്ങൾ ഉദ്യോഗസ്ഥർ നടപ്പിലാക്കുമ്പോൾ മാത്രമേ അദാലത്തിൽ എത്തിയവർക്ക് നീതി ലഭിക്കൂവെന്ന് സമാപന ചടങ്ങിൽ പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിക്കുന്ന ജനകീയ പരിപാടിയാണ് താലൂക്ക് അദാലത്തെന്ന് അദാലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മന്ത്രി ഒ ആർ കേളു മുഖ്യാതിഥിയായി. അഡ്വ. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ, ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ ശ്രീലത, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ, പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻറണി സെബാസ്റ്റ്യൻ, ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പത്മചന്ദ്ര കുറുപ്പ്, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, അസി. കലക്ടർ ഗ്രന്ധേ സായി കൃഷ്ണ, ഡി എം ഡെപ്യൂട്ടി കലക്ടർ കെ.വി ശ്രുതി, ഡി.എഫ്.ഒ ടി. കാർത്തിക്, ഇരിട്ടി തഹസിൽദാർ സി.വി പ്രകാശൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

date