27 വർഷത്തെ കാത്തിരിപ്പിന് അറുതി; പടിയൂരിലെ 22 കുടുംബങ്ങൾക്ക് ഇനി നികുതിയടക്കാനാകും
'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് അദാലത്ത്
മുഴക്കുന്ന് അംശം പാല ദേശത്തു നിന്നും 1997ൽ കുടിയൊഴിപ്പിക്കപ്പെട്ട് അതേവർഷം പടിയൂർ വില്ലേജിൽ ഭൂമി അനുവദിച്ച 22 കുടുംബങ്ങളുടെ നികുതി സ്വീകരിക്കാൻ 'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് അദാലത്തിൽ തഹസിൽദാർക്ക് മന്ത്രി ഒആർ കേളു നിർദേശം നൽകി. ഈ കുടുംബങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ അറുതിയാവുന്നത്.
ഇതുവരെ ഭൂനികുതി സ്വീകരിക്കാത്തത് സംബന്ധിച്ച് 22 കുടുംബങ്ങളുടെ പരാതിയുമായാണ് കെ എൻ ശങ്കരൻ അദാലത്തിൽ എത്തിയത്. 1997ൽ പതിച്ചുകിട്ടിയ ഭൂമിയിൽ 2024 ആയിട്ടും നികുതി നൽകാൻ ആയിട്ടില്ലെന്നും നികുതി രശീതി നൽകാത്തതിനാൽ ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് സർക്കാരിൽ നിന്ന് വീടോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നും പരാതിക്കാരൻ പറഞ്ഞു. തുടർന്നാണ്, ഒരു മാസത്തിനുള്ളിൽ എല്ലാ വിഷയവും പരിഹരിച്ച് അതിർത്തി നിർണയം നടത്തി നികുതി സ്വീകരിക്കുന്നതിന് ഇരിട്ടി തഹസിൽദാർക്ക് മന്ത്രി നിർദേശം നൽകിയത്. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന മന്ത്രിയുടെ ഉറപ്പിൽ ഏറെ പ്രതീക്ഷയിലാണ് പടിയൂർ നിവാസികൾ.
- Log in to post comments