മലിനജലം ഒഴുക്കുന്നുവെന്ന് പരാതി; ക്രഷറിൽ പരിശോധന നടത്താൻ നിർദേശം
'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് അദാലത്ത്
സമീപ വീടുകളിലേക്ക് മലിനജലം ഒഴുക്കുന്നുവെന്ന എടക്കാനം ഹിന്ദുസ്ഥാൻ സാൻഡ് മൈനിങ് യൂനിറ്റിന് എതിരായ പരാതിയിൽ പരിശോധന നടത്തി നടപടിയെടുക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനീയർക്ക് നിർദേശം നൽകി. എടക്കാനം സ്വദേശി പി എൻ ദാമോദരന്റെ പരാതിയിലാണ് മന്ത്രിയുടെ ഇടപെടൽ. മലിനജലം പരതിക്കാരന്റെ പറമ്പിലേക്ക് ഒഴുക്കുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ സ്റ്റോപ്പ് മെമ്മോ നൽകി പ്രവർത്തനം നിർത്തിവെപ്പിക്കാനും മന്ത്രി നിർദേശം നൽകി. മാനദണ്ഡപ്രകാരം നടപടി സ്വീകരിച്ചാൽ മാത്രമേ തുടർപ്രവർത്തനതിന് അനുമതി നൽകാവൂ എന്നും നിർദേശമണ്ട്. ക്രഷറിൽ നിന്നുള്ള മലിനജലം കാരണം കൃഷി പൂർണമായും നശിച്ചുവെന്നാണ് ദാമോദരന്റെ പരാതി.
നേരത്തെ ദാമോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ മാലിന്യം കൂട്ടിയിട്ടതായും പരാതിക്കാരന്റെ പറമ്പിൽ ഒഴുകി എത്തിയതായും കണ്ടെത്തിയിരുന്നു. തുടർന്ന് നവംബർ 15ന് മലിനീകരണ നിയന്ത്രണസംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും സ്ലറി ഒഴുകിപ്പോകാതിരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് സ്ഥാപനത്തിന് നൽകിയിരുന്നു .
നിർദ്ദേശങ്ങൾ പാലിച്ചു വരികയാണെന്നും, അവ പൂർത്തീകരിക്കുന്നതിനായി 15 ദിവസത്തെ സാവകാശം കൂടി വേണമെന്നും സ്ഥാപന ഉടമ റെജി എ.പി മലിനീകരണ നിയന്ത്രണ ബോർഡിനോട് അവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ നടപടികൾ പരിശോധിച്ച ശേഷം മാത്രമേ അനുമതി നൽകാവുവെന്ന് മന്ത്രി നിർദേശം നൽകി.
- Log in to post comments