വന്യജീവിശല്യം: വനത്തിനോട് ചേർന്ന സ്ഥലം ഏറ്റെടുക്കുന്നത് പരിശോധിക്കാൻ മന്ത്രിയുടെ നിർദ്ദേശം
'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് അദാലത്ത്
വനത്തിനോട് ചേർന്ന് കിടക്കുന്ന കൊട്ടിയൂർ സ്വദേശി ജോയ് കരിന്തോളിന്റെ ഭൂമി ഏറ്റെടുക്കുന്നത് പരിശോധിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂർ ഡി.എഫ്.ഒ യെ ചുമതലപ്പെടുത്തി. വനം വകുപ്പിന്റെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയായ നവകിരണത്തിൽ ഉൾപ്പെടുത്തി സ്ഥലം ഏറ്റെടുക്കാൻ കഴിയുമോയെന്നു പരിശോധിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം.
വന്യജീവിശല്യം മൂലം പൊറുതുമുട്ടിയാണ് ഭിന്നശേഷിക്കാരനായ ജോയ് അദാലത്തിന് എത്തിയത്. കൃഷി നടത്തി ഉപജീവനം കണ്ടെത്താൻ കഴിയാത്ത അവസ്ഥ. പ്രായാധിക്യം മൂലം മറ്റ് പണികൾക്കൊന്നും പോകാനും പറ്റുന്നില്ല. അതിനാൽ, വനത്തിനോട് ചേർന്ന് കിടക്കുന്ന സ്വന്തം സ്ഥലം പണം നൽകി എറ്റെടുക്കണമെന്നായിരുന്നു ജോയിയുടെ ആവശ്യം. ഇതിന്മേൽ ആണ് മന്ത്രിയുടെ ഇടപെടൽ. വേണ്ട നടപടികൾ കാലതാമസം കൂടാതെ സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു.
നടവഴി കോൺക്രീറ്റ് ചെയ്യും
ഇരിട്ടി കീഴൂർ വില്ലേജിലെ പുന്നാട് മടമ്പൊഴി റോഡിൽ നിന്നും താഴെപടിക്കൽ ഭാഗത്തേക്കുള്ള നടവഴി കോൺക്രീറ്റ് ചെയ്യുവാൻ തീരുമാനം. നഗരസഭയുടെ അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യതയനുസരിച്ച് മുൻഗണനാക്രമം പാലിച്ച് നടപ്പാത എത്രയും വേഗം പണികൾ തുടങ്ങണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇരിട്ടി നഗരസഭ അധികൃതർക്ക് നിർദേശം നൽകി. അടുത്ത വർഷിക പദ്ധതിയിൽ തന്നെ ഇത് ഉൾപ്പെടുത്തുമെന്ന് നഗരസഭയും അറിയിച്ചു. താഴെപടിക്കൽ സ്വദേശി ഇ. കരുണാകരന്റെ പരാതിയിലാണ് നടപടി.
നിജിലക്ക് എ എ വൈ കാർഡിന് അനുമതിയായി
ചാവശ്ശേരി സ്വദേശിനി എ നിജിലയുടെ റേഷൻ കാർഡ് അന്ത്യോദയ അന്ന യോജനയാക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉറപ്പുനൽകി. ഇരിട്ടി താലൂക്ക് അദാലത്തിലാണ് നിജിലക്ക് സ്വാന്തനമേകി മന്ത്രിയുടെ ഉറപ്പ്. ഭിന്നശേഷിക്കാരനായ മകനും രോഗിയായ ഭർത്താവും സ്ഥിരം മരുന്നു കഴിക്കുന്നതിനാൽ എ എ വൈ കാർഡ് അനുവദിക്കണമെന്നായിരുന്നു നിജിലയുടെ അപേക്ഷ. നിലവിൽ മുൻഗണനാ റേഷൻ കാർഡ് ഉടമയാണ് നിജില. നടപടി സ്വീകരിക്കാൻ താലൂക്ക് സപ്ലൈ ഓഫീസറെ മന്ത്രി ചുമതലപ്പെടുത്തി. വീൽചെയറിലുള്ള മകനോടൊപ്പം എത്തിയ പരാതിക്കാരിയുടെ അടുത്തേക്ക് എത്തിയാണ് പരാതി പരിശോധിച്ചത്.
വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം
ഇരിട്ടി നടുവനാട് സ്വദേശി നസിമക്ക് വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം അനുവദിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശം. ഇരിട്ടി നഗരസഭക്കാണ് മന്ത്രി നിർദേശം നൽകിയത്. തനിച്ച് താമസിക്കുന്ന വ്യക്തിയെന്ന നിലയിൽ ഈ വർഷം മുൻഗണനയിൽ പരിഗണിച്ചു ധനസഹായം അനുവദിക്കാനാണ് മന്ത്രി നിർദേശിച്ചത്.
കരുതലും കൈത്താങ്ങും ഇരിട്ടി താലൂക്ക് തല അദാലത്തിലാണ് നസീമ പരാതിയുമയെത്തിയത്.
സുകുമാരന് ഒരാഴ്ചക്കുള്ളിൽ പട്ടയത്തിന്റെ ഡ്യൂപ്ലിക്കേറ്റ് ലഭ്യമാക്കും
നഷ്ടപ്പെട്ട മിച്ചഭൂമി പട്ടയത്തിന്റെ ഡ്യൂപ്ലിക്കേറ്റ് ഒരാഴ്ചയ്ക്കകം പടിയൂർ സ്വദേശി സുകുമാരന് ലഭ്യമാക്കണമെന്ന് മന്ത്രി ഒ. ആർ കേളു ഇരിട്ടി താലൂക്ക് തഹസിൽദാർക്ക് നിർദ്ദേശം നൽകി. മുഴക്കുന്ന് വില്ലേജ് പരിധിയിൽ ഒരേക്കർ സ്ഥലം പതിച്ചുകിട്ടിയതായും ഭൂമിയുടെ ഒറിജിനൽ രേഖ തിരിച്ചുകിട്ടാത്ത വിധം നഷ്ടപ്പെട്ടതുമായാണ് സുകുമാരന്റെ പരാതി. ഈ സ്ഥലം മറ്റൊരു വ്യക്തി കയ്യേറിയിട്ടുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. മിച്ചഭൂമി പതിച്ചു കൊടുത്ത സ്‌കെച്ച് ലഭ്യമാക്കി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഭൂരേഖ തഹസിൽദാർ അറിയിച്ചു.
ലീലക്ക് കുടിവെള്ള കണക്ഷൻ നൽകും
ഇരിട്ടി മുനിസിപ്പാലിറ്റി അഞ്ചാം വാർഡിലെ താമസക്കാരിയായ ലീല ടി പി ക്ക് കുടിവെള്ള കണക്ഷൻ അനുവദിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കാൻ വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശം. 87 വയസ്സുള്ള ലീല ഒറ്റക്കാണ് താമസം. ജലനിധി പദ്ധതി പ്രകാരം അടുത്തുള്ള വീടുകളിൽ പൈപ്പുകൾ സ്ഥാപിച്ചുവെന്ന് ലീല പറയുന്നു. അവർക്കെല്ലാം വെള്ളവും കിട്ടിത്തുടങ്ങി. എന്നിട്ടും തന്റെ വീട്ടിലേക്ക് മാത്രം കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ ആയില്ലെന്ന് ലീല പരാതിപ്പെട്ടു. ഈ പരാതിയിലാണ് മന്ത്രിയുടെ ഇടപെടൽ. എത്രയും പെട്ടെന്ന് കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.
- Log in to post comments