സരോജിനി അമ്മയ്ക്ക് കരുതൽ; അഴീക്കോട് ഗവ. വൃദ്ധസദനത്തിൽ അഭയം നൽകും
'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് അദാലത്ത്
രണ്ട് മക്കളും മരിച്ച് അനാഥയായ പഴശ്ശി കയനി കുഴിക്കൽ ഹൗസിൽ സരോജിനി അമ്മയെ അഴീക്കോട് ഗവ. വൃദ്ധസദനത്തിൽ പ്രവേശിപ്പിക്കാൻ 'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിർദേശം നൽകി. അഞ്ച് സഹോദരങ്ങൾ ഉണ്ടെങ്കിലും ആരും സംരക്ഷിക്കാത്തതിനാൽ ഇവർ നിലവിൽ സ്വകാര്യ അനാഥാലയത്തിലാണ് താമസിക്കുന്നത്. അവിടെ നിന്ന് ഈ മാസം മാറണമെന്ന് അറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് തന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം എന്ന അഭ്യർഥനയുമായി സരോജനി അമ്മ അദാലത്തിനെ സമീപിച്ചത്. ജീവിതകാലത്ത് തന്നെ സംരക്ഷിക്കാൻ തയ്യാറാവാത്ത തന്റെ സഹോദരങ്ങൾക്കോ മറ്റ് അവകാശികൾക്കോ തന്റെ സ്വത്തുക്കൾ നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവ സർക്കാറിലേക്ക് നൽകാൻ ആഗ്രഹിക്കുന്നതായും പകരം തന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം എന്നുമായിരുന്നു സരോജിനി അമ്മയുടെ ആവശ്യം. തന്റെ റേഷൻ കാർഡും മകളുടെ മരണ സർട്ടിഫിക്കറ്റും അനുവാദം കൂടാതെ കൈവശം വെച്ച സഹോദരങ്ങളിൽനിന്ന് അവ തിരികെ വാങ്ങിച്ചു നൽകണമെന്ന സരോജിനി അമ്മയുടെ ആവശ്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു.
- Log in to post comments