Skip to main content

നീലേശ്വരത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണം; ഹോസ്ദുര്‍ഗ് താലൂക്ക് വികസന സമിതി

 

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് കളിയാട്ടത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ നേരിടുന്നതിനായി നീലേശ്വരത്ത് ഒരു ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വൃക്ക രോഗികള്‍ കൂടിവരുന്ന ഇക്കാലത്ത് ജില്ലാ ആശുപത്രിയിലോ താലൂക്ക് ആശുപത്രികളിലോ നിലവില്‍ നെഫ്രോളജിസ്റ്റ് സേവനം ലഭ്യമല്ലെന്നും ആയതിനാല്‍ അടിയന്തരമായി നെഫ്രോളജിസ്റ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വികസന സമിതി യോഗം ആവശ്യപ്പെട്ടു.  കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയെന്നും പല ആളുകള്‍ക്കും നായ്ക്കളുടെ കടിയേല്‍ക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ തെരുവ് നായ്ക്കളുടെ നിര്‍മാര്‍ജനത്തിന് നടപടികള്‍ സ്വീകരിക്കണമെന്നും വികസന സമിതി നിര്‍ദ്ദേശിച്ചു.

യോഗത്തില്‍  ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍  ടി.ജയപ്രസാദ് സ്വാഗതം പറഞ്ഞു. ഹോസ്ദുര്‍ഗ് താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ശശികുമാര്‍, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍  ടിവി ശാന്ത,  കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍,  യു കെ ജയപ്രകാശ്,  കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍,  അഡ്വക്കേറ്റ് കെ രാജമോഹന്‍ ,  വി ഗോപി, ഖാലിദ് കൊളവയല്‍, സുരേഷ് പുതിയടത്ത്, മൈക്കിള്‍ എം പൂവത്താണി, ബങ്കളം പി കുഞ്ഞികൃഷ്ണന്‍ എന്നിവരും വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും താലൂക്ക് വികസന സമിതി യോഗത്തില്‍ പങ്കെടുത്തു.

date