ബിന്ദുവിന് ഇനി ഉറങ്ങാം, പുഴയെ ഭയക്കാതെ
'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് അദാലത്ത്
കാഞ്ഞിരപ്പുഴയോട് ചേർന്നുള്ള പുരയിടത്തിന്റെ അതിര് ഇടിഞ്ഞുതാഴുന്നതിനാൽ വീട് അപകടാവസ്ഥയിലാണെന്ന പേരാവൂർ തോണ്ടിയിൽ സ്വദേശി ബിന്ദുവിന്റെ പരാതിക്ക് കരുതലും കൈത്താങ്ങും ഇരിട്ടി താലൂക്ക് തല അദാലത്തിൽ പരിഹാരം. റിവർ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് മതിൽ കെട്ടി നൽകാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
മഴക്കാലത്ത് പുഴയോട് ചേർന്നുള്ള വീടിന്റെ മുറ്റം ഇടിഞ്ഞു പോകുന്നുവെന്നായിരുന്നു ബിന്ദുവിന്റെ പരാതി. മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചലിലും വീടിന്റെ ചുമരിന് വിള്ളലും വന്നിട്ടുണ്ട്. വിധവയായ ബിന്ദുവിന് സ്വന്തമായി ഈ വീട് മാത്രമേയുള്ളൂ. മറ്റു വരുമാനം ഒന്നുമില്ല. അടുത്ത മഴക്ക് വീടിന്റെ ഒരു ഭാഗം പോലും ഒലിച്ചുപോയേക്കുമെന്ന ആശങ്കയിലാണ് ബിന്ദു.
ഇരിട്ടി തഹസിൽദാർ നടത്തിയ പരിശോധനയിലും വീടിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ടു. പുഴയുടെ അരിക് കെട്ടി സംരക്ഷിച്ചാൽ മാത്രമേ അപകടം ഒഴിവാക്കാൻ സാധിക്കുകയുള്ളൂവെന്നും തഹസിൽദാർ അറിയിച്ചു. പരാതിക്കാരിയുടെ ഉൾപ്പെടെ അഞ്ച് വീടുകൾ ഈ പ്രദേശത്ത് അപകട ഭീഷണി നേരിടുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ. പുഴയുടെ അരിക് കെട്ടി സംരക്ഷിച്ച് വീടുകളുടെ അപകടാവസ്ഥ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.
- Log in to post comments