Skip to main content

വെമ്പുഴയുടെ അരിക് കെട്ടാൻ പദ്ധതി തയ്യാറാക്കാൻ ആറളം പഞ്ചായത്തിന് നിർദേശം

'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് അദാലത്ത്

ആറളം- അയ്യൻകുന്ന് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയായ വെമ്പുഴയുടെ അരിക് കെട്ടി സംരക്ഷിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ പദ്ധതി തയ്യാറാക്കി നടപ്പിലാക്കാൻ മന്ത്രി ഒആർ കേളു ആറളം പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അദാലത്തിൽ എടൂർ പായം സ്വദേശി ടി.പി ജോർജ് നൽകിയ അപേക്ഷയിലാണ് മന്ത്രിയുടെ നടപടി.
വെമ്പുഴയുടെ അിക് കെട്ടി സംരക്ഷിക്കുന്നതിന് ലക്ഷക്കണക്കിന് രൂപ ആവശ്യമാണെന്നും അതിർത്തി പൂർണമായും കെട്ടി സംരക്ഷിക്കാതെ ചെറിയൊരു ഭാഗം മാത്രമായി സംരക്ഷണഭിത്തി കെട്ടുന്നത് ഭാവിയിൽ കൂടുതൽ മണ്ണിടിച്ചിന് കാരണമാകുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എന്നാൽ പുതിയ പദ്ധതി തയ്യാറാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പുഴയോരത്ത് താമസിക്കുന്ന ജോർജിന്റെയും അയൽവാസികളുടെയും കരഭാഗം ഇടിഞ്ഞ് പുഴയിലേക്ക് വീഴുന്നതായും സംരക്ഷണം നൽകണമെന്നുമുള്ള അപേക്ഷയിലാണ് മന്ത്രിയുടെ ഇടപെടൽ.

കർഷക പെൻഷൻ: സിറിയക്കിന് ആശ്വാസം

ആറളം ചെടിക്കളം സ്വദേശി എം.എം സിറിയക്കിന് കർഷക പെൻഷൻ കുടിശ്ശിക അനുവദിക്കുന്നതിന് തീരുമാനമായി. ആധാർ ഡ്യൂപ്ലിക്കേഷൻ കാരണമാണ് പെൻഷൻ മുടങ്ങിയതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ മറുപടി നൽകിയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ വിഷയം പരിഹരിക്കണമെന്ന് മന്ത്രി ഒ.ആർ കേളു പറഞ്ഞു. ഇതിനായി ജില്ലാ കൃഷി ഓഫീസറെ ചുമതലപ്പെടുത്തിയ മന്ത്രി പെൻഷൻ കുടിശ്ശിക പരിശോധിക്കണമെന്നും നിർദ്ദേശിച്ചു.

2021 മുതൽ ഏതാനും മാസങ്ങളിൽ മാത്രമാണ് പെൻഷൻ ലഭിച്ചതെന്നും 2021 -24 വരെയുള്ള കാലയളവിൽ 31 മാസങ്ങളിലെ പെൻഷൻ മുടങ്ങിയെന്നും കാണിച്ചാണ് സിറിയക്ക് അദാലത്തിൽ പരാതിയുമായി എത്തിയത്. മന്ത്രിയുടെ സമയോചിതമായ ഇടപെടലിൽ ഏറെ ആശ്വാസത്തോടെയാണ് സിറിയക് അദാലത്തിൽ നിന്നും മടങ്ങിയത്.

ഡ്രൈയ്‌നേജ് നീക്കി നിർമ്മിക്കാൻ നിർദേശം

ഇരിട്ടി കീഴൂർ വില്ലേജിലെ പുന്നാട് സ്വദേശിനി ജലജയുടെ വീടിന് സമീപമുള്ള  ഡ്രൈയ്‌നേജ് നീക്കി നിർമ്മിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാൻ പിഡബ്ല്യുഡി റോഡ്‌സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറോട് മന്ത്രി ഒആർ കേളു ഉത്തരവിട്ടു. നേരത്തെ ഓൺലൈനായി വനജയുടെ പരാതി സ്വീകരിച്ച ഇരിട്ടി മുനിസിപ്പാലിറ്റി നഗരസഭ ഡ്രൈയ്‌നേജ് സംവിധാനം ഒരുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനുള്ള അപേക്ഷ പിഡബ്ല്യുഡി സെക്ഷൻ എൻജിനീയറുടെ കാര്യാലയത്തിലേക്ക് അയച്ചിട്ടുണ്ടെന്ന മറുപടിയാണ്  നൽകിയത്. എന്നാൽ റോഡ് നവീകരണത്തിന്റെ ഭാഗമായി വനജ വിട്ടു നൽകിയ സ്ഥലത്ത് നിർമ്മിച്ച ഡ്രൈയിനേജ് വഴി വെള്ളം വീടിന്റെ മുൻവശത്ത് കൂടി ഒഴുകുന്നുവെന്നും മഴക്കാലത്ത് നടന്നുപോകാനോ വണ്ടി റോഡിലേക്ക് എടുക്കാനോ സാധിക്കുന്നില്ലെന്നും വനജ മന്ത്രിയോട് പരാതിപ്പെട്ടു. തുടർന്നാണ് ഡ്രൈയ്‌നേജ് നീക്കി നിർമ്മിക്കണമെന്ന് മന്ത്രി നിർദേശിച്ചത്.

date