Skip to main content

വനിതാകോളേജ് ഗ്രൗണ്ട് ആധുനികവത്കരണം, ഹോസ്റ്റൽ, സ്വിമ്മിങ്ങ് പൂൾ നിർമാണ പ്രവൃത്തി ഉദ്ഘാടനം 17ന്

കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാകോളേജ് ഗ്രൗണ്ട് ആധുനികവത്കരണം, കായിക വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ, സ്വിമ്മിങ്ങ് പൂൾ നിർമാണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ഡിസംബർ 17ന് ( ചൊവ്വാഴ്ച) കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും. രാവിലെ 9.30 ന് കോളേജിൽ നടക്കുന്ന പരിപാടിയിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിക്കും.
കെ വി സുമേഷ് എംഎൽഎയുടെ ബഡ്ജറ്റ് പ്രൊപ്പോസലിനെ തുടർന്നാണ് സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള മൈതാനം ഒരുക്കുന്നത്. ക്രിക്കറ്റ് പരിശീലനത്തിനുള്ള നെറ്റ്സ്,  മൈതാനത്തിനോട് ചേർന്ന് നീന്തൽക്കുളം, അനുബന്ധ മുറികൾ, കായിക വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ കെട്ടിടം എന്നിവയാണ് നിർമിക്കുന്നത്. ആദ്യമായാണ് സ്പോർട്സ് വിദ്യാർത്ഥികൾക്ക് പ്രത്യേക ഹോസ്റ്റൽ അനുവദിക്കുന്നത്. വോളിബോൾ, അമ്പെയ്ത്ത്, ഭാരോദ്വഹനം, ഫുട്ബോൾ, ക്രിക്കറ്റ്, ഫെൻസിങ്  എന്നിവയിൽ നിരവധി പ്രതിഭകളെ സമ്മാനിച്ച കോളേജിന് ആധുനിക സ്റ്റേഡിയം മുതൽക്കൂട്ടാകും.
പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ പരിശീലനം നടത്തുന്ന മൈതാനം അത്യാധുനിക രീതിയിൽ നവീകരിക്കും. നീന്തൽക്കുളത്തിന് അഞ്ച് ലൈനും ഫിൽറ്ററേഷൻ യൂണിറ്റ്, ചേഞ്ചിങ് റൂമുകളും ടോയ്‌ലറ്റ് സൗകര്യവും ഉണ്ടാകും.  ഇരുനില ഹോസ്റ്റൽ കെട്ടിടമാണ് പണിയുക. സംസ്ഥാന സർക്കാർ കായിക വകുപ്പിന്റെ ഈ പദ്ധതിയുടെ നിർമാണച്ചുമതല സ്പോർട്സ് കേരള ഫൗണ്ടേഷനാണ്.

date