ആറളം, കേളകം വില്ലേജ് ഡിജിറ്റൽ സർവ്വേ: ഭൂവുടമകൾ ആശങ്കപ്പെടേണ്ട
ആറളം, കേളകം വില്ലേജുകളിലെ ഡിജിറ്റൽ സർവ്വേ ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്നും ഭൂവുടമകൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റീ സർവെ അസി. ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ് അറിയിച്ചു. ഇത് സംബന്ധിച്ച് ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലും ഡിജിറ്റൽ സർവ്വേ നടപടികൾ മനസ്സിലാക്കാതെയുമാണ്.
രണ്ട് വില്ലേജുകളുടെ പൊതു അതിർത്തിയായി പുഴ വരുമ്പോൾ ഏത് വില്ലേജിലാണോ സർവ്വേ ആദ്യം ആരംഭിക്കുന്നത്, ആ വില്ലേജിലെ സർവ്വേ ടീം പുഴയുടെ രണ്ട് കരയും അതാത് വില്ലേജുകളിൽ നിലവിലുള്ള റിക്കാർഡുകൾ പ്രകാരം പുനർനിർണയം നടത്തന്നതാണ് രീതി. ഇപ്രകാരം കമ്പ്യൂട്ടറിൽ കിട്ടുന്ന മൊത്തം പുഴയെ നേർപകുതിയാക്കി ഭാഗിച്ചു കിട്ടുന്ന പുഴ മധ്യത്തെയാണ് വില്ലേജിന്റെ അതിർത്തിയായി കണക്കാക്കുന്നത്. ഇത്തരത്തിൽ ഒരു വില്ലേജിനോട് ചേർന്നു വരുന്ന പകുതി പുഴയുടെ വിസ്തീർണത്തെ 'റിവർ ഹാഫ് ' എന്നാണ് വിളിക്കുന്നത്.
കേളകം വില്ലേജിന്റെയും, ആറളം വില്ലേജിന്റെയും പൊതു അതിർത്തിയിലുള്ള ചീങ്കണ്ണിപ്പുഴ ആറളം വില്ലേജിൽ ഉൾപ്പെടുത്തി എന്ന ആരോപണം വന്നത് ആറളം വില്ലേജിന്റെ ഡിജിറ്റൽ സർവെ ആദ്യം ആരംഭിച്ചതിനാലാണ്. പുഴയുടെ 'റിവർ ഹാഫ് ' ചെയ്യാനുള്ള നടപടികൾ ആരംഭിച്ചപ്പോൾ വനം വകുപ്പ് പുഴയുടെ അവകാശ വാദം ഉന്നയിച്ചുകൊണ്ട് സർവ്വേ വകുപ്പിന് കത്ത് നൽകി. അത് ശ്രദ്ധയിൽപ്പെട്ട കേളകം പഞ്ചായത്ത് പ്രസിഡന്റ് വനം വകുപ്പിന്റെ അവകാശ വാദം തെറ്റാണെന്നു രേഖകൾ ഉദ്ധരിച്ചുകൊണ്ട് സമർഥിച്ച് സർവ്വേ വകുപ്പിന് എഴുതി നൽകി. രണ്ട് വകുപ്പുകളുടേയും അവകാശ വാദത്തിൽ സർക്കാർ തലത്തിൽ തീർപ്പുണ്ടാകുന്നതുവരെ ലാൻഡ് രജിസ്റ്ററിലെ ഉടമസ്ഥാവകാശ കോളത്തിൽ ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥത രേഖപ്പെടുത്താൻ സാധിക്കുകയില്ല. ചീങ്കണ്ണിപ്പുഴയുടെ ഉമസ്ഥാവകാശം ആർക്കും നൽകിയിട്ടില്ലെന്നുള്ളത് ലാൻഡ് രജിസ്റ്റർ പരിശോധിച്ചാൽ മനസ്സിലാക്കുവാൻ സാധിക്കും.
കേളകം വില്ലേജിലുള്ള മറ്റൊരു പുഴയായ ബാവലിപ്പുഴ കുറേ ഭാഗത്ത് കേളകം വില്ലേജിന്റെയും, കൊട്ടിയൂർ വില്ലേജിന്റെയും പൊതു അതിർത്തിയായി ഒഴുകുന്നുണ്ട്. കേളകം വില്ലേജിന്റെ ഡിജിറ്റൽ സർവ്വേ ആദ്യം ചെയ്യുന്നതിനാൽ കൊട്ടിയൂർ വില്ലേജിന്റെ സർവ്വേ പൂർത്തിയാകുന്നതിനുമുമ്പ് ബാവലിപ്പുഴയെക്കുറിച്ച് 'എന്റെ ഭൂമി' പോർട്ടലിൽ പരിശോധിച്ചാൽ അത് നിലവിൽ കേളകം വില്ലേജിൽ ഉൾപ്പെട്ടതായാണ് കാണുകയെന്നും അസി. ഡയറക്ടർ വ്യക്തമാക്കി.
സർവ്വേ നമ്പർ 274 പുഴയാണ്. ഈ സർവ്വേ നമ്പറിൽ ആർക്കും നികുതിയോ കൈവശാവകാശമോ ഇല്ല. പുഴയൊഴികെ ബാക്കി സർവ്വേ നമ്പറിൽപ്പെട്ട ആർക്കും കൈവശസ്ഥലം നഷ്ടപ്പെടില്ല. ഡിജിറ്റൽ സർവ്വേയുടെ വിവിധ ഘട്ടങ്ങളിൽ ഭൂവുടമകളുടെ പരാതി പരിഹരിക്കാനുള്ള സംവിധാനമുണ്ട്. എല്ലാ പരാതികളും പരിഹരിച്ചശേഷം മാത്രമേ അന്തിമ വിജ്ഞാപനം നടത്തുകയുള്ളൂ. വിജ്ഞാപനത്തിനുശേഷവും പരാതി നൽകാൻ താലൂക്ക് ഓഫീസിൽ സംവിധാനമുണ്ടെന്നും അറിയിച്ചു. ഭൂമി പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള സംവിധാനമാണ് ഡിജിറ്റൽ സർവ്വേ. വസ്തുതകൾ ശരിയായ രീതിയിൽ മനസ്സിലാക്കാതെ സർവ്വേ നടപടികളെ മൊത്തത്തിൽ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും കാര്യങ്ങൾ മനസ്സിലാക്കി ഡിജിറ്റൽ സർവെയുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അസി. ഡയറക്ടർ അറിയിച്ചു.
- Log in to post comments