ജില്ലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തും
മലപ്പുറം ജില്ലയിലെ വോള്‍ട്ടേജ് ക്ഷാമവും ഓവര്‍ലോഡ് പ്രശ്‌നവും പരിഹരിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലയുടെ ചുമതലയുള്ള കായിക- ന്യൂനപക്ഷ്‌ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കെ.എസ്.ഇ.ബി യുടെ ഭൂഗര്‍ഭ കാബിളുകള്‍ കൊണ്ടു പോകുന്നതിനുള്ള റോഡ് കട്ടിങ് അനുമതി പൊതുമരാമത്ത് ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ അടിയന്തരമായി പൂര്‍ത്തിയാക്കും. യോഗത്തില്‍ എം.എല്‍.എമാരായ കെ.പി.എ മജീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. നന്ദകുമാര്‍, കുറുക്കോളി മൊയ്തീന്‍, ടി.വി ഇബ്രാഹീം, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എടയൂര്‍ സെക്ഷന്‍ പരിധിയിലെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് മലാപറമ്പ് 220 കെവി സബ്‌സ്റ്റേഷനില്‍ നിന്ന് 11 കെ.വി കേബിള്‍ ഭൂമിക്കടിയിലൂടെ വലിക്കുന്നതിന് ബോര്‍ഡ് അംഗീകാരം ലഭിച്ചിട്ടുണ്ട്. മലാപറമ്പ് സബ് സ്റ്റേഷനില്‍ നിന്ന് പൂക്കാട്ടിരി വരെ കേബിള്‍ ഇടുന്നതിന് റോഡ് കട്ടിങിന് അനുമതി ആവശ്യമാണെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. വളാഞ്ചേരി അങ്ങാടിപ്പുറം റോഡില്‍ ഓണപ്പുട മുതല്‍ വെങ്ങാട് ഗോകുലം വരെ റോഡ് പ്രവൃത്തി നടക്കാനിരിക്കുകയാണ്. ഈ വര്‍ക്കിനോടൊപ്പം കേബിള്‍ സ്ഥാപിക്കുന്ന വര്‍ക്ക് കൂടി പൂര്‍ത്തീകരിക്കും. പൊന്നാനിയില്‍ റോഡ് കട്ടിങുമായി ബന്ധപ്പെട്ട ഏകോപനം ഉറപ്പാക്കാന്‍ പി. നന്ദകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം വീളിക്കും. വെന്നിയൂര്‍ സബ് സ്‌റ്റേഷന്‍ 110 കെ.വി ആയി ഉയര്‍ത്തുന്നതിന് നടപടി ത്വരിതപ്പെടുത്താന്‍ കെ.പി.എ മജീദ് എം.എല്‍.എ ആവശ്യപ്പെട്ടു. തിരൂരങ്ങാടി കക്കാട്- കരുമ്പില്‍- കോഴിച്ചെന ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കൂടി കടന്നു പോകുന്ന 11 കെ.വി ലൈന്‍ ദേശീയപാതയിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- Log in to post comments