ശിശുസംരക്ഷണ പദ്ധതികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം: മന്ത്രി കെ രാജു
പാവപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്ന പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് മന്ത്രി കെ രാജു പറഞ്ഞു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാലാവകാശ വാരാചരണം പത്തനംതിട്ട ഹില്‍ പാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ മുന്‍കാലങ്ങളേക്കാള്‍ ശാരീരികമായും മാനസികമായും ഏറെ പീഡിപ്പിക്കപ്പെടുന്ന കാലമാണിത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളില്‍ ഇത്തരം ഹീന പ്രവര്‍ത്തികള്‍ക്കെതിരെ ബോധവത്കരണം സാധ്യമാക്കാന്‍ ബാലാവകാശ കമ്മീനോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈകോര്‍ക്കണം. കുട്ടികളുടെ പഠനം, ആഹാരം, സുരക്ഷിതത്വം എന്നിവ ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണെന്നും ഇതില്‍ നിന്ന് ആര്‍ക്കും ഒളിച്ചോടാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം പി, ബാലവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സ്ഥിരംസമിതി അധ്യക്ഷ ലീല മോഹന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജീഷ് കുമാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ഒ അബീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(പിഎന്‍പി 3052/17)
- Log in to post comments