ബാലാവകാശ സംരക്ഷണ യാത്ര തുടങ്ങി
ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ബാലാവകാശ സംരക്ഷണ യാത്ര ആരംഭിച്ചു. യാത്രയുടെ ഉദ്ഘാടനം അടൂരില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. അടൂര്‍ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.ഡി.രാധാകൃഷ്ണന്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബീന്, ഷാന്‍ രമേശ് ഗോപന്, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ക്യാപ്റ്റനായുള്ള ബാലാവകാശ സംരക്ഷണ യാത്ര അടൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍, കോന്നി ബസ് സ്റ്റാന്‍ഡ്, കോന്നി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഇന്നും നാളെയും (16,17) ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സംരക്ഷണ യാത്ര പര്യടനം നടത്തും. (പിഎന്‍പി 3059/17)
- Log in to post comments