ട്രോളിംഗ് നിരോധനം നാളെ മുതല്‍ ജൂലൈ 31 വരെ: ജില്ലാതല അവലോകന യോഗം ചേര്‍ന്നു
നാളെ(ജൂണ്‍ 9) അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എഡിഎം:എന്‍.ദേവീദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സംസ്ഥാനത്തിന്റെ സമുദ്രഭാഗത്തെ 12 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയിലാണ് ജൂലൈ 31 അര്‍ധരാത്രിവരെ ട്രോളിംഗ് നിരോധനം നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നു വ്യത്യസ്തമായി അഞ്ചു ദിവസം വര്‍ധിപ്പിച്ച് 52 ദിവസമാണു ട്രോളിംഗ് നിരോധന കാലയളവ്. ഇക്കാലയളവില്‍ ഇന്‍ബോര്‍ഡ്, പരമ്പരാഗത വള്ളങ്ങള്‍ക്കു മത്സ്യ ബന്ധനത്തിനു തടസമില്ല. എന്നാല്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ കൊണ്ടു പോകുവാന്‍ അനുവാദമുള്ളു. ഇക്കാര്യത്തില്‍ ഫിഷറീസ് വകുപ്പിന്റെ കര്‍ശന പരിശോധന ഉണ്ടാകും. കാരിയര്‍ വളളത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫീസുകളില്‍ ഉടമകള്‍ അറിയിക്കണം. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും ബയോമെട്രിക് ഐഡി കാര്‍ഡ് കൈയില്‍ കരുതണം.
മത്സ്യബന്ധത്തിനു പോകുന്ന യാനങ്ങള്‍ക്ക് സുരക്ഷയ്ക്കായി ഒരു റെസ്‌ക്യു ബോട്ടും വള്ളവും ഉണ്ടാകും. ആറു സുരക്ഷാ ഭടന്മാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ മടക്കരയില്‍ ഒരു ഡീസല്‍ബങ്ക് മാത്രമാകും ഇക്കാലയളവില്‍ പ്രവര്‍ത്തിക്കുക. കാലവര്‍ഷമായതിനാല്‍ മത്സ്യബന്ധന സമയത്ത് തൊഴിലാളികള്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും കരുതണമെന്ന് ഫിഷറീസ് ഡെപൂട്ടി ഡയറക്ടര്‍ കെ.സുഹൈര്‍ അറിയിച്ചു. ട്രോളിംഗ് കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കും സൗജന്യറേഷന്‍ അനുവദിക്കും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് ആര്‍ഡിഒ:പി.അബ്ദുള്‍ സമദ്, ഫിഷറീസ് അസി.ഡയറക്ടര്‍ പി.വി സതീശന്‍, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments