Skip to main content

എറണാകുളം അറിയിപ്പുകള്‍

താത്കാലിക നിയമനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ക്ലീനിംഗ് ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ ജൂണ്‍ 13-ന് രാവിലെ 11-ന് അഭിമുഖത്തില്‍ പങ്കെടുക്കണം.

 

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്

കൊച്ചി: മത്സ്യത്തൊഴിലാളി/അനുബന്ധത്തൊഴിലാളികളുടെയും മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയിട്ടുളളവര്‍ക്കും സര്‍ക്കാര്‍ മേഖല ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അദ്ധ്യയനം നടത്തി വിജയം നേടിയിട്ടുളളവര്‍ക്കും ദേശീയ സംസ്ഥാന കായിക ഇനങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുളളവര്‍ക്കും 2017-18 അദ്ധ്യയന വര്‍ഷത്തെ ക്യാഷ് അവാര്‍ഡ് നല്കുന്നു. അവാര്‍ഡ് ലഭിക്കുന്നതിന് വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 30 നുളളില്‍ അതത് ഫീഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.

 

അപകടങ്ങളില്‍ മരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ

മൃതദേഹം നാട്ടിലെത്തിക്കാന്‍ റിവോള്‍വിങ് ഫണ്ട്

 

കേരളത്തില്‍ വെച്ചു മരണമടയുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹം  സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതിനായി ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് അനുവദിക്കാന്‍ തൊഴില്‍വകുപ്പ ് തീരുമാനിച്ചു. 

കുടിയേറ്റ തൊഴിലാളിക്ഷേമപദ്ധതി മുഖേനയാണ് പണം അനുവദിക്കുക. ക്ഷേമപദ്ധതിയില്‍ അംഗങ്ങളാണെങ്കിലും അല്ലെങ്കിലും പണം അനുവദിക്കും. 

മരണം സംബന്ധിച്ച പ്രഥമവിവര റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, അസി. ലേബര്‍ ഓഫീസറുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ തുക അനുവദിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)മാരെ ചുമതലപ്പെടുത്തി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 2010 ലെ കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം ജില്ലാ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്ന തുകയില്‍ നിന്ന് ഇതിനാവശ്യമായ പണം ഉടന്‍ അനുവദിക്കാന്‍ ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

അപകടങ്ങളിലും അല്ലാതെയും മരിക്കുന്ന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാരിന്റെ നടപടി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പതിനയ്യായിരം രൂപയുടെ സൗജന്യ ചികിത്സയും മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ അപകട ഇന്‍ഷൂറന്‍സും നല്‍കാന്‍ ആവിഷ്‌കരിച്ച ആവാസ് പദ്ധതിയും നിലവിലുണ്ട്. മെച്ചപ്പെട്ട താമസസൗകര്യം നല്‍കുന്ന അപ്നാഘര്‍പദ്ധതിയും ഫെസിലിറ്റേഷന്‍ സെന്ററുകളും അതിഥി തൊഴിലാളികള്‍ക്കായി നടപ്പാക്കിയിട്ടുണ്ട്.

 

അറ്റന്‍ഡര്‍ കരാര്‍ നിയമനം

കൊച്ചി: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ കല്ലേലിമേട്ടില്‍  പുതുതായി ആരംഭിക്കുന്ന സിദ്ധ ഡിസ്‌പെന്‍സറിയിലേയ്ക്ക്  അറ്റന്‍ഡറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ള 40 വയസില്‍ താഴെയുളള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 12- ന് രാവിലെ  11 ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് വാക്ക്ഇന്‍ഇന്റര്‍വ്യൂ നടത്തും.  താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി  ജൂണ്‍ 12 രാവിലെ  11-ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍  ഹാജരാകണം. 

 

കാലവര്‍ഷം ശക്തം:  ഡെങ്കിപനിയെ പ്രതിരോധിക്കാന്‍ കരുതല്‍ വേണം

കൊച്ചി: ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ ഡെങ്കിപനിക്കെതിരെ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴക്കാലത്തു കൊതുകുകള്‍ മുട്ടയിട്ട് പെരുകുവാനിടയുള്ള വിധത്തില്‍ വെള്ളക്കെട്ട് ഉണ്ടാകും. ഇത് ഒഴിവാക്കുവാന്‍ എല്ലാവരും ജാഗ്രത പാലിക്കണം.  ഓരോരുത്തരും തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണം. മഴവെള്ളം കെട്ടിക്കിടന്നു ഡെങ്കി പനിക്ക് കാരണമായ  ഈഡിസ് കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കണം. പൈനാപ്പിള്‍, റബ്ബര്‍, കൊക്കോ തോട്ടങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ചെറിയ അളവില്‍ പോലും വെള്ളം കെട്ടിക്കിടക്കാതിരിക്കുവാന്‍ ബന്ധപ്പെട്ടവര്‍  പ്രത്യേകം ശ്രദ്ധിക്കണം.

വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങള്‍,  അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍, ടയറുകള്‍, മേല്‍ക്കൂരയില്‍ ഉപയോഗിക്കുന്ന ടാര്‍പോളിന്റെ മടക്കുകള്‍, ചെടിച്ചെട്ടികളുടെ അടിയില്‍ വെക്കുന്ന പാത്രങ്ങള്‍,   വീടിന്റെ സണ്‍ഷെയ്ഡ്, കെട്ടിടനിര്‍മാണസ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിട്ട് പെരുകുമെന്നതിനാല്‍ ഈ സാഹചര്യങ്ങള്‍ അടിയന്തിരമായി ഒഴിവാക്കണം. ഈ മുന്‍കരുതലുകള്‍ ചെയ്യുവാനായി ആഴ്ചയിലൊരിക്കല്‍ എല്ലാവരും  െ്രെഡ ഡേ ആയി ആചരിച്ച് കൊതുക് വളരാനിടയുള്ള എല്ലാ വസ്തുക്കളും വീട്, ഓഫീസ്, പരിസരങ്ങള്‍, എന്നിവിടങ്ങളില്‍ നിന്നും  നീക്കം ചെയ്യണം. 

 പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിലെ വേദന, പേശിവേദന, സന്ധിവേദന  എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന  ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്ന്  തടിച്ചപാടുകളും ഉണ്ടാകാം. ഒരുപ്രാവശ്യം ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആദ്യഘട്ടത്തില്‍ ഈ രോഗം തനിയെ ഭേദപ്പെടാം. എന്നാല്‍ ഗുരുതരമായേക്കാവുന്ന ഡെങ്കു ഹെമറാജിക് പനി, ഡെങ്കു ഷോക്ക് സിന്‍ഡ്രോം എന്നിവ പിടിപ്പെട്ടാല്‍ മരണം വരെ സംഭവിക്കാം. ഹെമറാജിക് ഫീവറായാല്‍ മൂക്കില്‍ നിന്നും വായില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം അമിതമായ ദാഹം, നാഡിമിടിപ്പ് കുറയല്‍, ശ്വാസോച്ഛാസത്തിന് വൈഷമ്യം, കറുത്ത നിറത്തില്‍ മലം പോകുക, ബോധക്ഷയം എന്നിവ സംഭവിക്കാം.

ഡെങ്കിപനിക്ക് പ്രത്യേകം ചികിത്സയില്ല. പനി പല രോഗങ്ങളുടെയും ലക്ഷണമാകാമെന്നതിനാല്‍ സ്വയം ചികിത്സിക്കാതെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്.  പനി പൂര്‍ണമായും മാറുന്നതുവരെ വിശ്രമിക്കണം; ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം,  തുടങ്ങിയവ ധാരാളം കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനിബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും, ഉറങ്ങുന്നതും നിര്‍ബന്ധമായും  കൊതുകുവലക്കുള്ളില്‍ ആയിരിക്കണം. കുട്ടികള്‍ക്ക് രോഗബാധ ഉണ്ടായാല്‍ പൂര്‍ണമായി സുഖപ്പെട്ടതിനു ശേഷം മാത്രം അവരെ സ്‌കൂളില്‍ വിടുക.

 

ഒ.ബി.സി. വിഭാഗത്തിനുള്ള വായ്പാ പദ്ധതികള്‍ - വരുമാന പരിധി ഉയര്‍ത്തി

 

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മറ്റു പിന്നോക്ക വിഭാഗത്തില്‍ (ഒ.ബി.സി) ഉള്‍പ്പെട്ടവര്‍ക്ക് വേണ്ടി നടപ്പിലാക്കി വരുന്ന വിവിധ വായ്പാ പദ്ധതികളുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 1,20,000/- രൂപയില്‍ നിന്നും 3,00,000/- രൂപയായി ഉയര്‍ത്തി.  നിലവില്‍ വായ്പാ ലഭിക്കുന്നതിന് അര്‍ഹതയില്ലാതിരുന്ന ഒട്ടേറെ പേര്‍ക്ക് ഈ നടപടിയുടെ പ്രയോജനം ലഭിക്കും.  ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 6 മുതല്‍ 7% വരെ പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെ സ്വയം തൊഴില്‍ വായ്പയും 3.50 മുതല്‍ 4 ശതമാനം വരെ പലിശ നിരക്കില്‍ 20 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പയും ലഭിക്കും. 75% എങ്കിലും ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെട്ട അയല്‍ക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി കുടുംബശ്രീ സി.ഡി.എസ്സുകള്‍ക്ക് 2.50 മുതല്‍ 3.50 ശതമാനം പലിശ നിരക്കില്‍ 2 കോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പയും ലഭിക്കും.  പ്രവാസികള്‍ക്ക് 3 ലക്ഷം രൂപവരെ മൂലധന സബ്‌സിഡി ലഭിക്കുന്ന റീ-ടേണ്‍ പദ്ധതി, പ്രൊഫഷണലുകള്‍ക്ക് 2 ലക്ഷം രൂപവരെ മൂലധന സബ്‌സിഡി ലഭിക്കുന്ന സ്റ്റാര്‍ട്ട് അപ് പദ്ധതി എന്നിവ പ്രകാരം 20 ലക്ഷം രൂപവരെ 6 മുതല്‍ 7% വരെ പലിശ നിരക്കില്‍ അനുവദിക്കും.  ഇതിനു പുറമേ പെണ്‍കുട്ടികളുടെ വിവാഹം, ഗൃഹനിര്‍മ്മാണം, ഗൃഹപുനരുദ്ധാരണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള പദ്ധതികളും നിലവിലുണ്ട്.  വായ്പാ അപേക്ഷാ ഫോറം ജില്ലാ / ഉപജില്ലാ ഓഫീസുകളില്‍ നിന്ന് ലഭ്യമാക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക്  (www.ksbcdc.com) സന്ദര്‍ശിക്കുക. 

 

 

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ക്ക്

ജൂണ്‍ 18 വരെ അപേക്ഷിക്കാം

 

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2017 ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ജൂണ്‍ 18 വരെ സമര്‍പ്പിക്കാം.  2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്.

 

ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മകറിപ്പോര്‍ട്ടിനുളള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുളള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുളള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുളള അക്കാദമി അവാര്‍ഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുളള അക്കാദമി അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിക്കുന്നത്.

 

റിപ്പോര്‍ട്ടില്‍/ഫോട്ടോയില്‍ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.  ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം.  എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും സഹിതം 2018 ജൂണ്‍ 18 ന് വൈകിട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ    അക്കാദമി, കാക്കനാട്, കൊച്ചി - 682 030 എന്ന വിലാസത്തില്‍ ലഭിക്കണം.  അയയ്ക്കുന്ന കവറിനുപുറത്ത് ഏത് വിഭാഗത്തിലേയ്ക്കുളള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം. ഫോട്ടോകള്‍         10 * 8 വലുപ്പത്തില്‍ പ്രിന്റുകള്‍ തന്നെ നല്‍കണം.

 

2017 - ലെ ദൃശ്യമാധ്യമപ്രവര്‍ത്തകനുളള അവാര്‍ഡിന് പ്രേക്ഷകര്‍ക്കും  പേര് നിര്‍ദ്ദേശിക്കാവുന്നതാണ്.  ഏതു മേഖലയിലെ ഏതു പ്രോഗ്രാമാണ് ശുപാര്‍ശ ചെയ്യുന്നത് എന്നും രേഖപ്പെടുത്തേണ്ടതുണ്ട്. പ്രേക്ഷകര്‍ക്ക് അക്കാദമിയുടെ വിലാസത്തിലോ keralamediaacademy.gov @gmail.com  എന്ന ഇ-മെയിലിലോ ശുപാര്‍ശ അയയ്ക്കാം.  ഫലകവും 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരജേതാക്കള്‍ക്കു ലഭിക്കുക.

 

ഏകദിന മാധ്യമ ഗവേഷണ ശില്പശാല

 

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2017-ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പിന് അര്‍ഹരായ മാധ്യമപ്രവര്‍ത്തകര്‍ക്കുളള ഏകദിന ഗവേഷണ ശില്പശാല മാധ്യമപ്രതിഭാസംഗമം എന്ന പേരില്‍  ജൂണ്‍ 12 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ വി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി     കെ.ജി.  സന്തോഷ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം.ശങ്കര്‍ എന്നിവര്‍ പ്രസംഗിക്കും.   

സൂക്ഷ്മ വിഷയങ്ങളില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫെലോഷിപ്പിന് ഡോ. പി.കെ. രാജശേഖരന്‍ (ന്യൂസ് എഡിറ്റര്‍, മാതൃഭൂമി ) - മലയാളത്തിലെ ലിറ്റില്‍ മാഗസിന്‍  പ്രസ്ഥാനത്തിന്റെ ചരിത്രം, സാജന്‍ എവുജിന്‍ (ബ്യൂറോ ചീഫ്,ദേശാഭിമാനി )  - കര്‍ഷക, ദളിത് അവസ്ഥയും മാധ്യമങ്ങളും സമകാലിക ഇന്ത്യയില്‍ എന്നിവരെയാണ്   തിരഞ്ഞെടുത്തിട്ടുളളത്.  

സമഗ്രവിഷയത്തില്‍  മിന്നു.കെ.വി , ബിജീഷ്.ബി, ടി.കെ. സുജിത്ത്, മനോജ്. ബി, ഇജാസ്. ബി.പി, ഡി. ജയകൃഷ്ണന്‍, ദീപ.എം, വിനയ. പി.എസ് , ഡോ. ബി. ബാലഗോപാല്‍ എന്നിവര്‍ക്ക് 75,000/- രൂപ വീതവും ഫെലോഷിപ്പ്  നല്‍കും. 

പൊതു ഗവേഷണ മേഖലയില്‍ സീമ മോഹന്‍ലാല്‍ , സോയ് പുളിക്കല്‍, ഇ.വി. ഉണ്ണികൃഷ്ണന്‍, ഗിരീഷ്‌കുമാര്‍.കെ, ടി.കെ. സജീവ്കുമാര്‍, പാര്‍വതി ചന്ദ്രന്‍, കാര്‍ത്തിക. സി, ബിജു.സി.പി , പ്രദീപ്.എം., ജോമിച്ചന്‍ ജോസ്, കെ. പ്രദീപ്കുമാര്‍ എന്നിവര്‍ക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നല്‍കും.

ഡോ. എം. ലീലാവതി, തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. അച്യുതന്‍, ഡോ. ജെ. പ്രഭാഷ്, ഡോ. കെ.അമ്പാടി,  ഡോ.നീതു സോന എന്നിവരടങ്ങുó വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. 

ഫെലോഷിപ്പ് ജേതാക്കള്‍ക്ക് തങ്ങളുടെ പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നതിനുളള ഗവേഷണപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ഈ ശില്പശാലയുടെ ലക്ഷ്യം.  ശാസ്ത്രത്തിലും  മാധ്യമ     പഠനത്തിലും അവഗാഹമുളള വിദഗ്ധര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കും.  ഫെലോഷിപ്പ് ജേതാക്കള്‍ക്ക് വിഷയങ്ങളുടെ സൂക്ഷ്മരൂപം അവതരിപ്പിക്കാനും വിദഗ്ധാഭിപ്രായം സ്വീകരിക്കാനും ഈ ശില്‍പശാല അവസരമൊരുക്കും.  

 

 

കുടുംബശ്രീ സ്‌നേഹിത കണ്‍വര്‍ജന്‍സ് മീറ്റിംഗ് 13-ന്

കൊച്ചി: കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്  പ്രവര്‍ത്തനങ്ങള്‍ ആറാം വര്‍ഷത്തിലേക്ക് കടക്കുന്നതോടനുബന്ധിച്ച് ജില്ലയിലെ വിവിധ വകുപ്പ് മേലധികാരികളുടെ ഒരു സംയോജന യോഗം ജൂണ്‍ 13-ന് വൈകിട്ട് നാലിന് കളക്ടറുടെ ചേമ്പറില്‍ ചേരും.

കീഴില്‍ 24 മണിക്കൂറും 365 ദിവസവും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്. അതിക്രമത്തിന് വിധേയമാകുന്നതും അതിന് സാധ്യതയുളളതുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താത്കാലിക സംരക്ഷണവും നിയമ നിര്‍ദ്ദേശവും കൗണ്‍സലിംഗും, മാനസിക പിന്തുണയും നല്‍കുക, അതിജീവനത്തിനും ഉപജീവനത്തിനും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: ജില്ലയിലെ വിവിധ കോടതികളിലുളള പ്രിന്ററുകളുടെ കാട്രിഡ്ജ് റീഫില്ലിംഗ്, ഡ്രം മാറ്റുന്നതിനും, ആക്‌സസറീസ് മാറ്റുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 13-ന് വൈകിട്ട്  മൂന്നു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2985686.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: അത്താണി കേരള ജുഡീഷ്യല്‍ അക്കാദമിയിലെ കമ്പ്യൂട്ടല്‍ര്‍ ലാബിലെ അലൂമിനിയം പാര്‍ട്ടീഷ്യന്‍, ഫാള്‍സ് സീലിംസ് തുടങ്ങിയ ജോലികള്‍ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ 20-ന് ഉച്ചയ്ക്ക് രണ്ടുവരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2393901.

 

സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റുകള്‍ 

തുടങ്ങുന്നതിനുളള അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു അംഗത്തിന് പരമാവധി 75,000 രൂപ വരെയും നാല് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി മൂന്ന് ലക്ഷം രൂപ വരെയും ഈ പദ്ധതിയില്‍ തിരിച്ചടക്കാത്ത ഗ്രാന്റായി ലഭിക്കും. അപേക്ഷാ ഫോറം അതത് ജില്ലകളിലെ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ നിന്നും ജൂണ്‍ 10 മുതല്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ സ്വീകരിക്കും. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം അനുവര്‍ത്തിച്ച് വരുന്നവരോ ആയ (20 നും 50 നും ഇടയ്ക്ക് പ്രായമുളള)രണ്ട് മുതല്‍ നാലു പേരില്‍ കൂടാത്ത വനിതകളുടെ ഗ്രൂപ്പായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍, സാഫ്, എറണാകുളം ഫോണ്‍ 2607643, 1800 425 7643.

 

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: കൊച്ചി നഗരസഭയുടെ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി സാധുവായ ലൈസന്‍സുളളതും, ഇ.പി.എഫ് രജിസ്‌ട്രേഷന്‍ ഉളളവരുമായ കരാറുകാരില്‍ നിന്നും മത്സരസ്വഭാവമുളള മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍ ജൂണ്‍ 16-ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ കൊച്ചി നഗരസഭാ കാര്യാലയത്തില്‍ സ്വീകരിക്കും.

 

ഇംഹാന്‍സ് ഓട്ടിസം സെന്ററില്‍ വിദഗ്ദരെ നിയമിക്കുന്നു

കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ന്യൂറോ സയന്‍സും (ഇംഹാന്‍സും) സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് ആരംഭിക്കുന്ന ഓട്ടിസം സെന്ററിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിദഗ്ദ്ധരെ നിയമിക്കുന്നു. സ്പീച്ച് ലാംഗേജ് പാത്തോളജിസ്റ്റ്, ഡവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികയില്‍ ഓരോ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 20-ന് നാലിനു മുമ്പായി ഡയറക്ടര്‍, ഇംഹാന്‍സ് മെഡിക്കല്‍ കോളേജ് പി.ഒ, കോഴിക്കോട് 673008 വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0495-2359352, 9809615853, www.imhans.org .

പരിസ്ഥിതി ദിനം ആചരിച്ചു

കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം, നെഹ്‌റു യുവകേന്ദ്ര, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍, യുവധാര സാംസ്‌കാരിക സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കളക്ടറേറ്റ് വളപ്പില്‍ നടന്ന പരിസ്ഥിതി ദിനാചരണം തൃക്കാക്കര  നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.റ്റി.ഓമന ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ ജില്ലാ അസി.കോ-ഓര്‍ഡിനേറ്റര്‍ സി കെ മോഹനന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി റ്റി സബിത, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അഖില്‍ദാസ് കെ.ടി,   എന്‍.വൈ.കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ്, എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. യുവജനക്ഷേമ ബോര്‍ഡിന്റെ വോളന്റിയര്‍മാരുടെയും, നെഹ്‌റു യുവകേന്ദ്രയുടെ വോളന്റിയര്‍മാരുടെയും നേതൃത്വത്തില്‍ കളക്ടറേറ്റ് പരിസരങ്ങള്‍ ശുചീകരണവും വൃക്ഷത്തൈ നടീലും പരിപാലനവും നടത്തി.

 

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 13-ന്

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ജൂണ്‍ 13-ന് ആലുവ ഗവ: ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11-ന് നടക്കും. ജില്ലയില്‍ നിന്നുളള പരാതികള്‍ പരിഗണിക്കും.

 

കരിയര്‍ മാപ്പിങ്ങ് 2018 സംഘടിപ്പിച്ചു

 

 

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ മാപ്പിങ്ങ് 2018 സംഘടിപ്പിച്ചു.  കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍  നടന്ന പരിപാടിയില്‍ കളമശ്ശേരിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 260 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.  വിവിധ ന്യൂജെന്‍ കോഴ്‌സുകളെപ്പറ്റി കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടേയും സംശയങ്ങള്‍ക്ക് ഡോ. പി.ആര്‍.വെങ്കിട്ടരാമന്‍ സംശയനിവാരണം നടത്തി.  പ്രോ-വൈസ് ചാന്‍സലര്‍, ഡോ.പി.ജി.ശങ്കരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.  

 

 

സ്‌പോര്‍ട്‌സ് ക്വിസ്

കൊച്ചി: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രചരണാര്‍ഥം സംസ്ഥാനത്ത് പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 12-ന് എല്ലാ ജില്ലകളിലും 35 വയസിന് താഴെയുളളവര്‍ക്കായി സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ക്വിസ് മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 7000, 3000, 2000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും. ജില്ലയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരെ പങ്കെടുപ്പിച്ച് ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ മുന്നോടിയായി സംസ്ഥാനതല മത്സരവും സംഘടിപ്പിക്കും.

12-ന് രാവിലെ 10-ന് ആരംഭിക്കുന്ന മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ പേര്, അഡ്രസ്, വയസ്, ഫോണ്‍ നമ്പര്‍ എന്നിവ ജൂണ്‍ 10-നകം ekm.ksywb@kerala.gov.in ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0484-2428071, 8078708370, 8304838019.

 

 

 

 

 

 

കുടുംബശ്രീ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നു.

 

കൊച്ചി: കുടുംബശ്രീ വനിതകള്‍ ചെറുകിട സംരംഭങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന      ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ വില്‍പ്പന നടത്തുന്നതിനായി കുടുംബശ്രീ മിഷന്‍     രൂപീകരിച്ച പുതിയ സംരംഭമാണ് കുടുംബശ്രീ ബസാര്‍. കുടുംബശ്രീ ബസാറില്‍    കുടുംബശ്രീ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതിനായി സംരംഭകത്വ കണ്‍സോര്‍ഷ്യം മീറ്റിംഗ് കാക്കനാട് കളക്‌ട്രേറ്റ് പ്ലാനിംഗ് ഹാളില്‍ നടന്നു. ജില്ലാമിഷനു കീഴില്‍     പ്രവര്‍ത്തിക്കുന്ന 300 സംരംഭകര്‍ പങ്കെടുത്ത മീറ്റിംഗില്‍ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ റ്റി.എം.റെജീന, കുടുംബശ്രീ സംസ്ഥാനമിഷന്‍ പ്രോഗ്രാം മാനേജര്‍ റിയാസ്    അബ്ദുളള.എന്‍.കെ, മാര്‍ക്കറ്റിംഗ് ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍.അരുണ്‍, എസ് വി ഇപി  പ്രോഗ്രാം മാനേജര്‍ പി.എ.അജിത്ത്, വിവിധ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാര്‍, മൈക്രോ കണ്‍സള്‍ട്ടന്റുമാര്‍ എന്നിവര്‍ സംബന്ധിച്ചു. അറുപത് ശതമാനത്തോളം ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ ചെറുകിട സംരംഭങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്നവ തന്നെയാവണം എന്നതാണ് വ്യവസ്ഥ.

 

 

കര്‍ഷക ഗ്രാമ സഭയും ഞാറ്റുവേല ചന്തയും

കൊച്ചി: കളമശ്ശേരി ബ്ലോക്ക് പരിധിയിലെ വിവിധ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ജൂലൈ 3 വരെ വാര്‍ഡ് തലത്തില്‍ കര്‍ഷക ഗ്രാമസഭയും ഞാറ്റുവേല ചന്തകളും നടത്തുന്നു..  കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ മുഖേന 2018- 19 വര്‍ഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികളും, പ്രാദേശികമായി കര്‍ഷക ഗ്രൂപ്പുകള്‍  ഉല്‍പാദിപ്പിച്ച കാര്‍ഷികോല്പാദനോപാധികളും ഈ കര്‍ഷക സഭകളിലൂടെ ലഭിക്കും. കര്‍ഷക രജിസ്‌ട്രേഷന്‍, മണ്ണു പരിശോധന,  സാമ്പിളുകള്‍ ശേഖരിക്കല്‍ എന്നിവയ#്ക്കും സൗകര്യമുണ്ടായിരിക്കും. ചേരാനെല്ലൂര്‍,  എളങ്കുന്നപ്പുഴ, കടമക്കുടി, കളമശ്ശേരി, മുളവുകാട്, തൃക്കാക്കര എന്നിവിടങ്ങളിലെ വാര്‍ഡുകളില്‍ വാര്‍ഡ് മെമ്പര്‍/ കൗണ്‍സിലര്‍ എന്നിവരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഈ കര്‍ഷക ഗ്രാമസഭകള്‍ കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കളമശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  

കര്‍ഷക അവാര്‍ഡ്

കൊച്ചി: കളമശ്ശേരി ബ്ലോക്ക് പരിധിയില്‍പെട്ട കാര്‍ഷിക, കാര്‍ഷികഅനുബന്ധ മേഖലകളില്‍ 2017--18 വര്‍ഷത്തില്‍ പ്രാവീണ്യം തെളിയിച്ച കര്‍ഷകരില്‍ നിന്നും അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ള കര്‍ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം അതാത് കൃഷി ഭവനില്‍ ജൂണ്‍ 15നു മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് കളമശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  

date