ഗാന്ധിജി രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷികം; വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു.
കണ്ണൂരില്‍ ജില്ലാതല ഉദ്ഘാടനവും പയ്യന്നൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ വ്യത്യസ്ത പരിപാടികളും സംഘടിപ്പിക്കും. ഗാന്ധിജിയുടെ ജീവിതത്തിലെ അപൂര്‍വ നിര്‍മിഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സാംസ്‌ക്കാരിക വകുപ്പ് തയ്യാറാക്കിയ ഗാന്ധി സ്മൃതി എക്‌സിബിഷന്‍ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ നടത്തും. ജൂലൈ 16 മുതല്‍ ആഗസ്ത് 15 വരെ വിദ്യാലയങ്ങളില്‍ ഗാന്ധി സിനിമയും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും. ലൈബ്രറികളില്‍ ഗാന്ധി അനുസ്മരണ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ചെയര്‍മാനും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതിക്ക് രൂപം നല്‍കി.
സമൂഹത്തില്‍ അസഹിഷ്ണുത പടരുന്ന വര്‍ത്തമാന കാലത്ത് ഗാന്ധിജിയുടെ ജീവിത സന്ദേശം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടത് അനിവാര്യമാണെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിദ്യാലയങ്ങളിലെ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറെയും ലൈബ്രറിയുമായി ബന്ധപ്പെട്ട് പരിപാടികള്‍ക്ക് ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയെയും ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ഭാഗമായി കൂടുതല്‍ വിപുലമായ പരിപാടികള്‍ തുടര്‍ന്ന് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ സി പി പത്മരാജന്‍, ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍, കണ്ണൂര്‍ ഡിഇഒ കെ വി ലീല, തളിപ്പറമ്പ് ഡിഇഒ കെ രാധാകൃഷ്ന്‍, വിദ്യാരംഗം കലാസഹിത്യ വേദി ജില്ലാ കോര്‍ഡിനേറ്റര്‍ എം ക വസന്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments