മാധ്യമ സ്വാതന്ത്ര്യം: വെല്ലുവിളികളും ആശങ്കകളും പങ്കുവെച്ച് സെമിനാര്‍
ദേശീയ മാധ്യമ ദിനത്തില്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പും കണ്ണൂര്‍ പ്രസ് ക്ലബും സംഘടിപ്പിച്ച സെമിനാര്‍ മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന വര്‍ത്തമാനകാല വെല്ലുവിളികളും ആശങ്കകളും പങ്കുവെച്ചു. കണ്ണൂര്‍ പ്രസ് ക്ലബില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. ഇഷ്ടപ്പെടാത്ത വാര്‍ത്ത ചെയ്താല്‍ ചെയ്തയാളെ ഉന്‍മൂലനം ചെയ്യുന്ന, ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായേക്കാവുന്ന തെറ്റായ പ്രവണത നമ്മുടെ നാട്ടില്‍ വളര്‍ന്നു വരുന്നതായി അദ്ദേഹം പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇതില്‍ ഒടുവിലത്തേതാണ്. വിയോജിപ്പുകളോട് ബഹുമാനപൂര്‍വം ്രപതികരിക്കാവുന്ന മാനസികാവസ്ഥയിലേക്ക് മാറണം. തനിക്കെതിരെ വരുന്ന വാര്‍ത്തക്കെതിരെ ജനാധിപത്യപരമായി പ്രതികരിക്കാന്‍ കഴിയുന്ന സാധ്യത ഉപയോഗപ്പെടുത്തണം. അതിനെതിരെ അതിക്രമം കാണിക്കുന്നത് കേരളത്തിന് ഭൂഷണമല്ല. ജീവന്‍ പോലും അപകടപ്പെടുത്തി വാര്‍ത്തകള്‍ ശേഖരിക്കേണ്ട സാഹചര്യം രൂപപ്പെട്ടുവരുന്നുണ്ട്.
അതേസമയം, അപക്വമായ വിധിനിര്‍ണയത്തിലേക്ക് ദൃശ്യമാധ്യമങ്ങള്‍ പോവുന്നത് കാണേണ്ടതുണ്ട്. ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ ചരിത്ര പശ്ചാത്തലമോ സാഹചര്യമോ മനസ്സിലാക്കാതെ അപക്വമായ വിധി തീര്‍പ്പുകളിലേക്ക് എത്തുന്ന പ്രവണത ശരിയല്ല. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായകരമായ ഇടപെടല്‍ ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടാവുന്നില്ല. ചില മൂലധന താല്‍പര്യങ്ങളില്‍നിന്നു പോവുന്ന സാഹചര്യം നിലവിലുണ്ട്. ഗൗരി ലങ്കേഷിന്റെ മരണം പോലും ഇന്ത്യയിലെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരെങ്കിലും ഗൗരവത്തോടെ ഏറ്റെടുത്ത് മുന്നോട്ടുവരാന്‍ തയാറായിട്ടില്ല. ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ ജാതി പറയുന്നതും അതിനോട് ജനങ്ങള്‍ നിസ്സംഗരായി നില്‍ക്കുന്നതുമായ കാഴ്ച ജനാധിപത്യത്തിന്റെ മോശമായ സാഹചര്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു.
അതേസമയം, ഓരോ വ്യക്തിക്കും ഓരോ വാര്‍ത്ത സൃഷ്ടിക്കാവുന്ന, മാധ്യമപ്രവര്‍ത്തനത്തില്‍ ഇടപെടാവുന്ന രീതിയിലേക്ക് സാങ്കേതികവിദ്യ വളര്‍ന്നിട്ടുണ്ടെന്നും ഇതിലൂടെ മാധ്യമ രംഗം ജനകീയമായതായും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം പോലും വിനിയോഗിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധന നടത്തണമെന്ന് മനോരമ ന്യൂസ് പ്രോഗ്രാംസ് ഇന്‍ ചാര്‍ജ് എസ്. ജയമോഹന്‍ പറഞ്ഞു. മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും എണ്ണത്തിന്റെ വലിപ്പത്തിനനുസരിച്ച് വാര്‍ത്തകള്‍ ഉണ്ടാവാതിരിക്കാന്‍ കാരണം മാധ്യമ സ്വാതന്ത്ര്യം വേണ്ടത്ര ഉപയോഗിക്കാത്തതാണ്. ചെറുതും വലുതുമായ ഭീഷണികളിലൂടെയാണ് മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുപോവുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മതത്തെയും ജാതിയേയും കൂട്ടുപിടിച്ചുള്ള വിമര്‍ശനങ്ങള്‍ വല്ലാതെ ശക്തമാവുന്നു.
ചാനല്‍ ബഹിഷ്‌കരണം പോലുള്ള ഭീഷണികള്‍ മാധ്യമപ്രവര്‍ത്തകരുടെ ചിന്തയുടെ സ്വാത്രന്ത്യത്തെ തടയുകയാണ്. ഞങ്ങളെ നിങ്ങള്‍ പേടിക്കണം എന്നാണ് എല്ലാ വിഭാഗക്കാരുടെയും ആവശ്യം. അസഹിഷ്ണുതയുടെ നില വല്ലാതെ ഉയരുന്നു. പുതിയ തലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ ഇതിനെ എങ്ങിനെ നേരിടുമെന്നത് ചോദ്യമാണ്. സ്വാതന്ത്ര്യം ഒരു മാനസികാവസ്ഥയാണെന്നും മാധ്യമസ്വാതന്ത്ര്യം എന്നതില്‍ അത് സമൂഹത്തിന് കൂടി നല്‍കുന്ന സുരക്ഷിതത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാരുടെ കാലത്താണ് എല്ലാ മാധ്യമവിരുദ്ധ നിയമങ്ങളും ഉണ്ടായതെന്ന് സുപ്രഭാതം എക്‌സിക്യുട്ടീവ് എഡിറ്റര്‍ എ. സജീവന്‍ പറഞ്ഞു. പരിശോധിച്ച് ബോധ്യപ്പെട്ട് സത്യമേ നല്‍കൂ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ തീരുമാനിക്കണം. മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ആത്മപരിശോധന നടത്തണം. അപ്രിയ സത്യം വിളിച്ചുപറയുന്നവര്‍ക്ക് നേരെ വെല്ലുവിളികള്‍ ഉണ്ടാവും. അത് നേരിടാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ദിനകരന്‍ കൊമ്പിലാത്ത്, കെ.ടി ശശി, പ്രകാശന്‍ മാവിലായി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറര്‍ സിജി ഉലഹന്നാന്‍ നന്ദിയും പറഞ്ഞു.
പി എന്‍ സി/4332/2017
- Log in to post comments