Skip to main content
 പട്ടയവിതരണ നടപടികളുടെ പുരോഗതി വിലയിരുത്താൻ കളക്ട്രേറ്റിൽ വിളിച്ചുചേർത്ത റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിൽ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ സംസാരിക്കുന്നു

ജില്ലയിലെ പട്ടയ വിതരണ നടപടികൾ ഊർജിതപ്പെടുത്തും: മന്ത്രി ഇ.ചന്ദ്രശേഖരൻ

 

 

കേരളത്തിലെ എല്ലാ ജില്ലകളിലും പട്ടയ വിതരണ നടപടികൾ ഗവൺമെന്റ് ഊർജിതപ്പെടുത്തുകയാണെന്നും ഏറ്റവും കൂടുതൽ ജനങ്ങൾക്ക് പട്ടയം നൽകാൻ കഴിയുന്നത് ഇടുക്കിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. പട്ടയവിതരണ നടപടികളുടെ പുരോഗതി വിലയിരുത്താൻ കളക്ട്രേറ്റിൽ വിളിച്ചുചേർത്ത റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടയത്തിലെ വീട് വയ്ക്കാനും കൃഷിക്കുമുള്ള

 വ്യവസ്ഥകളിൽ നിന്നുമാറി ഉപജീവനമാർഗത്തിനായി ഭൂമി ഉപയോഗിക്കുന്നവരുടെ പ്രശ്‌നം ഗവൺമെന്റിന്റെ സജീവ പരിഗണനയിലാണെന്നും  പരിഹരിക്കാൻ  നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടുതന്നെ ജില്ലയിലെ അർഹരായ എല്ലാവർക്കും പട്ടയം നൽകാൻ കഴിയുമെന്നും നിയമത്തിലെ അപര്യാപ്തത സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ ഉടൻ പരിഹാരം ഉണ്ടാക്കുമെന്നും  മന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷിച്ചും അവയ്ക്ക് പോറലേൽപ്പിക്കാതെയുമുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. കോടതിവിധികൾ ലംഘിക്കരുതെന്ന് മന്ത്രി ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. പട്ടയ വിതരണ നടപടികൾ ജില്ലയിലെ എട്ട് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ദ്രുതഗതിയിൽ പൂർത്തിയാകുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതേവരെയുള്ള  പ്രവർത്തന പുരോഗതി മന്ത്രിക്കുമുമ്പാകെ വിശദീകരിച്ചു.  അടുത്തവർഷം ഡിസംബറിനുമുമ്പ് ജില്ലയിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നത് ലക്ഷ്യമിട്ടുള്ള കർമ്മപരിപാടി ആവിഷ്‌കരിച്ചാണ് ജി്ല്ലാ ഭരണകൂടം  പ്രവർത്തിക്കുന്നതെന്ന് യോഗത്തിൽ ജില്ലാ കളക്ടർ ജി.ആർ ഗോകുൽ പറഞ്ഞു. പത്തുചെയിൻ പ്രദേശത്തെ പട്ടയ വിതരണം, പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച സങ്കീർണത, പട്ടയ വ്യവസ്ഥ മൂലമുള്ള വായ്പ എടുക്കാനുള്ള ബുദ്ധിമുട്ട്, സർവേ നമ്പരിലെ പിശകുകൾ തുടങ്ങിയ ഒട്ടുമിക്ക പ്രശ്‌നങ്ങളും ഇതിനോടകം പരിഹരിച്ചിട്ടുണ്ട്. സമയബന്ധിതമായിത്തന്നെ അർഹരായ സ്ഥിരതാമസക്കാർക്ക് പട്ടയം ലഭ്യമാക്കുമെന്ന് കളക്ടർ പറഞ്ഞു. യോഗത്തിൽ എ.ഡി.എം, ദേവികുളം സബ്കളക്ടർ, ഡെപ്യൂട്ടികളക്ടർമാർ, തഹസിൽദാർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.  

 

 

date