അക്ഷയ വാര്‍ഷികാഘോഷങ്ങളുടേയും നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റിന്റെയും ഉദ്ഘാടനം നാളെ (നവംബര്‍ 23)
* മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും
അക്ഷയ 15ാം വാര്‍ഷികാഘോഷങ്ങളുടെയും നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (നവംബര്‍ 23) തിരുവനന്തപുരം ഐ.എം.ജിയിലെ പത്മം ഹാളില്‍ വൈകിട്ട് നാലിന് നിര്‍വഹിക്കും. സംസ്ഥാനത്തെ പട്ടികവര്‍ഗക്കാരായ അക്ഷയ സംരംഭകര്‍ക്ക് ആധാര്‍ മെഷീന്‍ വാങ്ങിക്കുന്നതിന് 1.25 ലക്ഷം രൂപ വീതം സാമ്പത്തിക സഹായ വിതരണോദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടക്കും.
ഇന്നത്തെ ഡിജിറ്റല്‍ എക്കണോമിയില്‍ ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ക്ക് പ്രധാന പങ്കുള്ളതിനാല്‍ കേരളത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ആധാറിലെ തെറ്റുതിരുത്തല്‍/ കൂട്ടിച്ചേര്‍ക്കലുകള്‍, നവജാത ശിശുക്കളുടെ ആധാര്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി നിലവിലുള്ള 875 ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളെ കൂടാതെ പുതിയതായി 1780 കേന്ദ്രങ്ങള്‍ക്ക് കൂടി സൗകര്യം വിപുലപ്പെടുത്തുന്നതിന്റെ സംസ്ഥാനതല പ്രഖ്യാപനവും നടക്കും. അക്ഷയ വഴി ലഭ്യമാകുന്ന സേവനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കുന്നതിനും ആരംഭിച്ച സിറ്റിസണ്‍ കാള്‍ സെന്ററിന്റെയും ടോള്‍ ഫ്രീ നമ്പറിന്റെയും ലോഗോയുടെയും പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
ചടങ്ങില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. അക്ഷയ ഡയറക്ടര്‍ സീറാം സാംബശിവ റാവു റിപ്പോര്‍ട്ട് അവതരിപ്പിക്കും. പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍, ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു, എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ എസ്. വെങ്കട്ടരാമന്‍, കൗണ്‍സിലര്‍ ഐ.പി. ബിനു തുടങ്ങിയവര്‍ സംബന്ധിക്കും. ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ സ്വാഗതവും ഐ.ടി മിഷന്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. സന്തോഷ് കുമാര്‍ നന്ദിയും പറയും.
നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന് എല്ലാ ആഴ്ചയിലും രണ്ടുദിവസം വീതം നിശ്ചിത സമയങ്ങളില്‍ ജില്ലാ ആശുപത്രികളില്‍ സംവിധാനം ഒരുക്കും. രണ്ടാംഘട്ടമായി മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കും.
15 വര്‍ഷങ്ങള്‍കൊണ്ട് 2654 അക്ഷയ പൊതുജന സേവനകേന്ദ്രങ്ങള്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ നിന്ന് ആരംഭിച്ച് തുടര്‍ന്ന് ഇ-പേയ്മെന്റിലേക്കും പിന്നീട് ഇ-ഡിസ്ട്രിക്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍, ആധാര്‍, ബാങ്കിങ് സേവനങ്ങള്‍ തുടങ്ങി ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന സേവനകേന്ദ്രമായി ഇതിനകം അക്ഷയ മാറി.
പി.എന്‍.എക്‌സ്.4948/17
- Log in to post comments