Skip to main content

മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവെയ്പ്പ്: ജില്ലയില്‍ 95    ശതമാനത്തിലധികം കുട്ടികള്‍ സുരക്ഷിതരായി

 

സംസ്ഥാനത്തു ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച മീസില്‍സ് റൂബെല്ല പ്രതിരോധ യജ്ഞത്തില്‍ ജില്ലയില്‍ 345808 കുട്ടികള്‍ക്ക് കുത്തിവെയ്പ്പ് നല്‍കി. ഒന്‍പതു  മാസം മുതല്‍ 15 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍കളെയും ലക്ഷ്യമിട്ടാണ് യജ്ഞം നടത്തിയത്. 95 ശതമാനം നേട്ടം കൈവരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍           ഡോ. ജേക്കബ് വര്ഗീസ് അറിയിച്ചു. ഈ വിഭാഗത്തില്‍ ജില്ലയില്‍ ആകെ 364355   കുട്ടികളാണ് ഉള്ളത്.  സംസ്ഥാനത്തു പത്തനംതിട്ടക്കും ആലപ്പുഴക്കും ഇടുക്കിക്കും തൊട്ടു പിന്നിലായി നാലാം സ്ഥാനത്താണ് കോട്ടയം.  ബാക്കിയുള്ള ഏകദേശം 18500  കുട്ടികള്‍ക്ക് നവംബര്‍ 25 നകം കുത്തിവെപ്പ് നല്‍കി യജ്ഞം പൂര്‍ത്തിയാക്കും.  അഞ്ചാംപനി നിര്‍മാര്‍ജനം ചെയ്യുന്നതിനും റൂബെല്ല ഉ•ൂലനം ചെയ്യുന്നതിനും കുറഞ്ഞത്  95ശതമാനം  കുട്ടികള്‍ക്കെങ്കിലും കുത്തിവെയ്പ്പ് നല്‍കേണ്ടതുണ്ട്.  ഈ സുപ്രധാന ഘട്ടമാണ് ജില്ല ഇന്നലെ പിന്നിട്ടത്. 

സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ചു ആരോഗ്യ വകുപ്പ് നടത്തിയ ക്യാമ്പുകള്‍ മിക്കവാറും പൂര്‍ത്തിയായി.  ഇതുവരെ വിവിധ കാരണങ്ങളാല്‍ കുത്തിവെയ്പ്പ് സ്വീകരിക്കാതിരുന്ന കുട്ടികള്‍ ഇന്നും (നവംബര്‍ 22), ശനിയാഴചയും(നവംബര്‍ 25) സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെത്തി കുത്തിവെയ്പ്പ് സ്വീകരിക്കണം.  കുത്തിവെയ്പ്പ് സ്വീകരിക്കാത്ത കുട്ടികള്‍ക്ക് മറ്റു ജില്ലകളിലെയോ സംസ്ഥാനത്തെയോ കുട്ടികളില്‍ നിന്ന് രോഗം ബാധിക്കാന്‍ സാധ്യത ഏറെയുള്ളതിനാല്‍ എല്ലാ കുട്ടികളും ഈ അവസരം ഉപയോഗപ്പെടുത്തി രണ്ടു മാരക വൈറസുകള്‍ക്കെതിരെ പ്രതിരോധം നേടണമെന്ന് ഡി.എം.ഒ നിര്‍ദ്ദേശിച്ചു.  

സംസ്ഥാനത്തു 60 ലക്ഷത്തിലധികം കുട്ടികള്‍ക്ക് കുത്തിവെയ്പ്പു നല്‍കിക്കഴിഞ്ഞു.  കുത്തിവെയ്പ്പ് സ്വീകരിച്ച കുട്ടികള്‍ക്ക് ആര്‍ക്കും തന്നെ യാതൊരു പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ല.  മീസില്‍സ്, റൂബെല്ല എന്നീ വാക്‌സിനുകള്‍ മുന്‍പ് സ്വീകരിച്ചപ്പോള്‍ അലര്‍ജി ഉണ്ടായിട്ടില്ലാത്ത എല്ലാ കുട്ടികള്‍ക്കും സുരക്ഷിതമായി കുത്തിവെയ്പ്പ് എടുക്കാവുന്നതാണ്. ഭക്ഷണ സാധനങ്ങളോടുള്ള അലര്‍ജിയും എം.ആര്‍ വാക്‌സിനെടുക്കന്നതിനു തടസ്സമല്ല. മുന്‍പ് ഒന്‍പത് മാസത്തിലും 15 മാസത്തിലും മീസില്‍സ് റൂബെല്ല കുത്തിവെയ്‌പെടുത്ത കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ കുട്ടികളും എം. ആര്‍ കുത്തിവെയ്പ്പ് ഇപ്പോള്‍ എടുക്കേണ്ടതാണെന്നു ഡി.എം.ഒ അറിയിച്ചു.   

(കെ.ഐ.ഒ.പി.ആര്‍-1961/17)

date