മോക്ക് ഡ്രിൽ: ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് യോഗം ചേർന്നു
ആലപ്പുഴ: രാസദുരന്തങ്ങൾ നേരിടുന്നതിനുള്ള ജില്ലയുടെ ശേഷി പരിശോധിക്കുന്നതിന് നവംബർ 28ന് നടക്കുന്ന മോക്ക് ഡ്രില്ലിനുള്ള ക്രീമീകരണങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ക്രൈസിസ് ഗ്രൂപ്പ് യോഗം കളക്‌ട്രേറ്റിൽ ചേർന്നു. ദേശീയ പാതയിൽ വയലാർ ജംഗ്ഷനും തങ്കി കവലയ്ക്കുമിടയിൽ സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ജില്ലാ ഓഫീസർ പി. ജിജു വിശദീകരിച്ചു.
മോക്ക് ഡ്രില്ലിനായി ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന എൽ.പി.ജി. ബുള്ളറ്റ് ടാങ്കറിൽ വാതക ചോർച്ച ഉണ്ടാകുന്ന സാഹചര്യം വ്യാജമായി സൃഷ്ടിക്കും. വാതക ചോർച്ച സംബന്ധിച്ച വിവരം കളക്ടറേറ്റ് കൺട്രോൾ റൂമിൽ ലഭിച്ചാലുടൻ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് അംഗങ്ങളായ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അടിയന്തര സന്ദേശം നൽകും. ദുരന്തസ്ഥലത്തെ വിവിധ പ്രവർത്തനങ്ങൾ ചേർത്തല ഡിവൈ.എസ്.പിയുടെ നിയന്ത്രണത്തിലായിരിക്കും നടക്കുക. രക്ഷാപ്രവർത്തനങ്ങൾക്ക് ഫയർ ആന്റ് റസ്‌ക്യൂ സർവ്വീസസ് നേതൃത്വം നൽകും. അപകടം ബാധിച്ചേക്കാവുന്ന ദൂരപരിധിയിലുള്ള വീടുകൾ, സ്ഥാപനങ്ങൾ,കടകൾ എന്നിവിടങ്ങളിൽ ഉള്ളവരെ റവന്യൂ വകുപ്പുദ്യോഗസ്ഥർ ഒഴിപ്പിച്ച് താൽക്കാലിക സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ഇതിനുള്ള വാഹന സൗകര്യം ഗതാഗത വകുപ്പ് ഏർപ്പെടുത്തും. മോക്ക് ഡ്രിൽ നടക്കുന്ന പ്രദേശത്തുള്ള മൊബൈൽ ടവറിന്റെ പരിധിയിൽ വരുന്ന ഫോണുകളിൽ ബി.എസ്.എൻ.എൽ. സുരക്ഷാ അറിയിപ്പ് നൽകും. അപകടസ്ഥിതി പൂർണ്ണമായും തടയുന്നിടം വരെ പ്രദേശത്തെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിച്ഛേദിക്കും. ചേർത്തല താലൂക്ക് ആശുപത്രിയിലും സമീപ ആശുപത്രികളിലും അടിയന്തര ചികിത്സാ സൗകര്യത്തിനു പുറമേ മൊബൈൽ മെഡിക്കൽ യൂണിറ്റ്, ആംബുലൻസ് സൗകര്യം എന്നിവ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തും.
വാതക ചോർച്ചയിലൂടെ അന്തരീക്ഷ വായുവിലെ ഓക്‌സിജന്റെ അളവിനുണ്ടാകുന്ന മാറ്റം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധിക്കും. വാട്ടർ അതോറിറ്റി, ഐ.റ്റി.ബി.പി. നൂറനാട് യൂണിറ്റ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, വയലാർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ-ഉദ്യോഗസ്ഥർ എന്നിവർ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. മോക്ക് ഡ്രില്ലിന് മുന്നോടിയായി കുടുംബശ്രീയും വിദ്യാഭ്യാസ വകുപ്പും പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കണ ക്ലാസ് നൽകും. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ പി.എസ്. സ്വർണ്ണമ്മ അദ്ധ്യക്ഷത വഹിച്ചു. ഒരുക്കങ്ങളുടെ അവസാനഘട്ട വിലയിരുത്തലിന് 27 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ബിഷപ്പ്മൂർ സ്‌കൂൾ ലൈബ്രറി ഹാളിൽ യോഗം ചേരും.
(പി.എൻ.എ.2813/17)
- Log in to post comments